ന്യൂഡൽഹി: വെല്ലുവിളിയുടെ കാലമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിർത്തിയിൽ അയൽക്കാരന്റെ വെല്ലുവിളിയും ഭൂകമ്പവും കൊടുങ്കാറ്റും വെട്ടുകിളി ആക്രമണവും കൊവിഡ് കാലം നീളുന്നതുമെല്ലാം രാജ്യം നേരിടുന്ന വെല്ലുവിളികളാണ്. എല്ലാ പ്രതിസന്ധികളും മറികടന്ന് കരുത്ത് നേടുമെന്നും അദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുടെ മണ്ണിൽ കണ്ണുവച്ചവർക്ക് ഉചിതമായ മറുപടി നൽകിയെന്നും ഇന്ത്യ-ചൈന സംഘർഷത്തെ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.
സൈനികരുടെ ത്യാഗം രാജ്യത്തിനാകെ പ്രചോദനമാണ്. പ്രതിരോധ രംഗത്തും സാങ്കേതിക രംഗത്തും ഇന്ത്യ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. അതിർത്തി സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബന്ധമാണ്. പ്രശ്‌നമുണ്ടാക്കാനാണ് ചില അയൽക്കാർ ശ്രമിക്കുന്നത്. വീരന്മാർ കയ്യേറ്റം അനുവദിക്കില്ല. കയ്യേറ്റം നടത്തുന്നവർക്ക് എങ്ങനെ മറുപടി നൽകണമെന്ന് രാജ്യത്തിനറിയാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലഡാക്കിൽ നിന്ന് നാം ശത്രുക്കളെ തുരത്താൻ ആരംഭിച്ചു. ശക്തമായ മറുപടിയാണ് രാജ്യം നൽകിയിരിക്കുന്നത്. ഇരുപത് പേർ ജീവൻ നൽകിയത് നമുക്ക് വേണ്ടിയാണ്. പ്രാദേശിക ഉത്പനങ്ങൾ വാങ്ങുന്നത് രാജ്യത്തോടുള്ള സേവനമാണ്. സ്വയം പര്യാപ്തമായ രാജ്യത്തെ കെട്ടിപടുക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കണം. രാജ്യത്തിന്റെ ലക്ഷ്യം സ്വയം പര്യാപ്തതയാണ്. കൊവിഡ് യുദ്ധം നീളുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. രാജ്യം അൺലോക്ക് ചെയ്യുന്ന ഈ സമയത്ത് കൂടുതൽ ജാഗ്രത പാലിക്കണം. എല്ലാവരും മാസ്ക് ധരിച്ച് മാത്രമെ പുറത്തിറങ്ങാവൂ. വീട്ടിലുള്ള കുട്ടികളളെപ്പറ്റി പ്രത്യേക ശ്രദ്ധയുണ്ടായിരിക്കണം. സാമൂഹിക അകലം ആരും മറക്കരുത്.
കൊവിഡ് ജാഗ്രത ഒരിക്കലും കൈവിടരുത്. ഒരാൾ ജാഗ്രത കൈവിട്ടാൽ അത് രാജ്യത്തെ മുഴുവനായി ബാധിക്കും. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. കാർഷിക മേഖല ഉൾപ്പെടെയുള്ള മേഖലകൾ കുറേ കാലമായി അടച്ചിടലിൽ ആയിരുന്നു. തുറന്നിടൽ എല്ലാ മേഖലയിലും ബാധകമാക്കും. കൊവിഡ് വ്യാപനത്തിൽ തളരാൻ പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയൊ പരിപാടിയായ മൻ കീ ബാത്തിലായിരുന്നു പ്രധാനമന്ത്രിയുെട പ്രതികരണം. മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തെ അനുസ്‌മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രഭാഷണം അവസാനിപ്പിച്ചത്.