arret

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ പിടികൂടാനായി പൊലീസ് നടത്തിയ തിരച്ചിലിൽ ഇന്നലെ മാത്രം പിടിയിലായത് 47 പേർ. ഇടുക്കി കാമാക്ഷി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ തിരുവല്ല സ്വദേശിയായ ഡോക്ടർ വിജിത്ത് ജൂണും (31) സംഭവത്തിൽ അറസ്റ്റിലായി. പിടിയിലായ 47 പേരിൽ നിന്ന് പിടിച്ചെടുത്ത 143 ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഏറെയും സൂക്ഷിച്ചിരുന്നത് ആറ് മുതൽ 15 വയസു വരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ്.

ഐ.പി വിലാസം പ്രത്യേക സംവിധാനം ഉപയോഗിച്ചു കണ്ടെത്തിയാണ് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പൊലീസിന്റെ കൗണ്ടർ ചൈൽഡ് സെക്‌ഷ്വൽ എക്സ്പ്ലോയിറ്റേഷൻ യൂണിറ്റ് കുടുക്കിയത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയടക്കം ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ നിരീക്ഷിച്ചായിരുന്നു പൊലീസ് നടപടി.

ഇത്തരം വിഡീയോ കാണുന്നവരുടെ വിവരങ്ങൾ കേരള പൊലീസിന്റെ സൈബർ ഡോം കണ്ടെത്തി, അതതു പൊലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുന്നത് തുടരുകയാണ്. രാജ്യാന്തര, ദേശീയ അന്വേഷണ ഏജൻസികളും ഇവ കണ്ടെത്തി പൊലീസിന് കൈമാറുന്നുണ്ട്. ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിൽ കുടുങ്ങിയവരിൽ ഏറെയും കൗമാരക്കാരാണ്. കുട്ടികളുടെ അശ്ലീല ചിത്രമാണെന്ന് അറിയാതെ കണ്ടതാണെന്ന് പിടിയിലായവർ പറയുന്നുണ്ടെങ്കിലും കേസിൽനിന്ന് ഒഴിവാക്കപ്പെടില്ല.

സംസ്ഥാനത്തെ രണ്ട് ലക്ഷത്തിലേറെ വാട്സാപ്പ് ഗ്രൂപ്പുകളും മുപ്പതിനായിരത്തിലേറെ ടെലഗ്രാം ഗ്രൂപ്പുകളും പൊലീസ് നിരീക്ഷണത്തിലാണ്.ഫേസ്ബുക്, വാട്സാപ്പ്, ടിക് ടോക്, ടെലിഗ്രാം തുടങ്ങി 11 സമൂഹമാദ്ധ്യമങ്ങളും നിരീക്ഷിക്കുന്നുണ്ട്. ഐ.പി വിലാസങ്ങളിലൂടെ കണ്ടെത്തി കേരളത്തിലെ 117 ഇടങ്ങളിൽ ഇന്നലെ രാവിലെ ഒരേ സമയത്തായിരുന്നു ഐ.പി ഹണ്ട് എന്ന പേരിൽ റെയ്ഡ് നടന്നത്. ചിലർക്ക് കുട്ടികളെ കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ, സൂക്ഷിക്കുകയോ കാണുകയോ ചെയ്താൽ അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.