മലയാള സിനിമയിൽ ഗൂഢസംഘമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഉറച്ച് നീരജ് മാധവ്. സിനിമ സംഘടനയായ 'അമ്മ'യ്ക്ക് ഇതുസംബന്ധിച്ച വിശദീകരണം നീരജ് കൈമാറി. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ പുറത്താണെന്ന് നീരജ് കത്തിൽ വ്യക്തമാക്കുന്നു. നീരജ് നൽകിയ മറുപടി 'അമ്മ' , ഫെഫ്കയ്ക്ക് കൈമാറി.
ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തിലാണ് നീരജ് താരസംഘടനയായ അമ്മയ്ക്ക് വിശദീകരണം നൽകിയത്. ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നീരജ് വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നത്. നീരജിന്റെ വാക്കുകൾ എല്ലാവരെയും സംശയത്തിന്റെ മുനയിൽ നിർത്തുന്നതാണെന്നും പോസ്റ്റിൽ പറഞ്ഞിരിക്കുന്നവരുടെ പേരുകളെടുത്ത് പറയണമെന്നും കാര്യങ്ങൾ വ്യക്തമാക്കണമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു.
ഇതു സംബന്ധിച്ച് അമ്മയ്ക്ക് ഫെഫ്ക കത്തും നൽകിയിരുന്നു. ഫേസ്‌ബുക്കിലൂടെ ഉയർത്തിയ ആരോപണങ്ങൾ അമ്മ സംഘടനയ്ക്ക് നൽകിയ കത്തിലും നീരജ് ആവർത്തിച്ചു. എന്നാൽ ആരുടേയും പേരെടുത്ത് പറയാതെയാണ് നീരജിന്റെ മറുപടി കത്ത്. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുട്ടിന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.