കൊച്ചി: ബ്ലാക്ക്‌മെയിലിംഗ് കേസിൽ തന്റെ പരാതി പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് നടി ഷംന കാസിം. സുഹൃത്തുക്കളടക്കം അങ്ങനെ പറഞ്ഞത് വേദനിപ്പിച്ചു. തട്ടിപ്പ് നടത്തിയത് പ്രൊഫഷണൽ സംഘമാണ്. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും ഷംന കാസിം പ്രതികരിച്ചു.
കേസിൽ ഏഴ് പ്രതികൾ അറസ്റ്റിലായെങ്കിലും ഇപ്പോൾ കേൾക്കുന്ന പേരുകളല്ല ഇവർ തന്നോട് പറഞ്ഞതെന്നാണ് ഷംന കാസിം പറയുന്നത്. ആരാണ് തന്നോട് സംസാരിച്ചതെന്ന് അറിയില്ലെന്നും, പ്രതികളെല്ലാവരും സംസാരിച്ച് കയ്യിലെടുക്കാൻ മിടുക്കുള്ളവരാണെന്നും ഷംന പറഞ്ഞു. അതേസമയം കേസ് പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയായ യുവ മോഡൽ പരാതിയുമായി രംഗത്തെത്തി.
അതേസമയം ഷംന കാസിമിനെ ബ്ലാക്ക് മെയിലിംഗ് ചെയ്ത കേസിലെ പ്രതിക്കെതിരെ തൃശൂരിൽ പുതിയ കേസ് രജിസ്‌റ്റർ ചെയ്‌തു. വിവാഹ വാഗ്‌ദ്ധാനം നൽകി പണം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. റഫീഖ്, സലാം എന്നിവർ ഉൾപ്പെടെ അഞ്ച് പേർക്ക് എതിരെയാണ് പുതിയ കേസ്. പണവും സ്വർണാഭരണങ്ങളും ഉൾപ്പെടെ 16 ലക്ഷം തട്ടിയെന്നാണ് പരാതി.
യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഭർത്താവുമായി ഇവർ അകന്ന് കഴിഞ്ഞിരുന്ന സമയത്താണ് പ്രതികൾ സൗഹൃദം നടിച്ച് പണം തട്ടിയത്. വീട്ടമ്മയുടെ പരാതിയിൽ വാടാനപ്പിളളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബ്ലാക്ക് മെയിലിംഗ് തട്ടിപ്പിന് കൂടുതൽ യുവതികൾ ഇരയായെന്നാണ് പൊലീസ് പറയുന്നത്. പതിനെട്ട് പേരെ തിരിച്ചറിഞ്ഞെന്നും കൂടുതൽ പേരും മോഡലിംഗ് രംഗത്ത് നിന്നുള്ള യുവതികളാണെന്നും പൊലീസ് പറയുന്നു.
ഇതുവരെ ഒമ്പത് പെൺകുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതികൾക്ക് സിനിമാ ബന്ധമുണ്ടെന്നാണ് സൂചന. മേക്കപ്പ് ആർട്ടിസ്റ്റിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇടനിലക്കാരിയായ ഇവന്റ് മാനേജ്മെന്റ് ജീവനക്കാരിയെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്