ബാലരാമപുരം: പൂർവ്വകാലസ്മരണകൾ അയവിറക്കി താൻ പഠിച്ച സ്കൂളിലെ ഇളംതലമുറയിലെ വിദ്യാർത്ഥിക്ക് വീട്ടിൽ വൈദ്യൂതി കണക്ഷൻ എത്തിച്ചും ടിവി നൽകിയും നേമം ബ്ലോക്ക് പൂങ്കോട് ഡിവിഷൻ മെമ്പർ എസ്.വീരേന്ദ്രകുമാർ മാതൃകയായി. വടക്കേവിള വാർഡിലെ തേരിവിളാകത്ത് വീട്ടിൽ കൂലിപ്പണിക്കാരനായ ബിനുവിന്റെയും അമ്പിളിയുടേയും മക്കളാണ് അശ്വതിയും വീണയും. പഠനത്തിൽ മിടുക്കികളാണെങ്കിലും കുടുംബത്തിന്റെ സാമ്പത്തിക ദൈന്യത ഇവർക്ക് നൊമ്പരമാണ്. വീണ ഒമ്പതാം ക്ലാസിലും അശ്വതി ആറാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. വീട്ടിൽ പഠന സൗകര്യമില്ലാത്തതിനാൽ അടുത്തുള്ള സഹപാഠിയുടെ വീട്ടിലാണ് ഓൺലൈൻ പഠനം നടത്തുന്നത്. മെഴുകുതിരിവെട്ടത്തിരുന്നാണ് ഇത്രയും നാൾ പഠിച്ചിരുന്നത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഓൺലൈൻ പഠനം മൂന്നാംഘട്ടമെത്തിയപ്പോൾ മക്കളുടെ പഠനം മുടങ്ങുമോയെന്ന് രക്ഷിതാക്കൾക്കും ആശങ്കയായി. തുടർന്നാണ് ബിനുവും അമ്പിളിയും നേമം ബ്ലോക്ക് മെമ്പറുടെ സഹായം തേടിയത്. കെ.എസ്.ഇ.ബി അധികൃതർ നിലവിലെ സാങ്കേതിക തടസ്സങ്ങൾ മാറ്റി കഴിഞ്ഞദിവസം വീട്ടിൽ വൈദ്യുതി എത്തിച്ചു. ഒപ്പം എൻ.ജി.ഒ അസോസിയേഷൻ വഴുതക്കാട് യൂണിറ്റ് കമ്മിറ്റി ടിവിയും കൈമാറി. നേമം ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാറിനും കെ.എസ്.ഇ.ബി അസി.എൻജിനീയർ ധന്യാ ശശീന്ദ്രനും എൻ.ജി.ഒ യൂണിയനും വീട്ടുകാർ നന്ദി അറിയിച്ചു. പൂങ്കോട് സുനിൽകുമാർ കെ.പി.എസ്.റ്റി.എ ജില്ലാ പ്രസിഡന്റ് പ്രിൻസ്, സ്കൂൾ പ്രഥമാദ്ധ്യാപകൻ സുനിൽ നെയ്യാറ്റിൻകര, മുൻ മെമ്പർ അജിത, അഡ്വ.മോഹനൻ, രത്നാകരൻ, വടക്കേവിള രഞ്ജിത്ത്, അജി കാട്ടുകുളം എന്നിവർ സംബന്ധിച്ചു.