pic

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഗോസംരക്ഷകനെ പട്ടാപ്പകൽ നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തി. 35കാരനായ രവി വിശ്വകർമയാണ് കൊല്ലപ്പെട്ടത്. വിശ്വഹിന്ദു പരിഷത്തിന്റെ ഗോ രക്ഷക് വിഭാഗം ജില്ലാ ചുമതല വഹിച്ചിരുന്നയാളാണ് രവി വിശ്വകർമ. ആസൂത്രണം ചെയ്താണ് കൊലപാതകം നടന്നതെന്നും പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

ഭോപ്പാലിൽ നിന്ന് 150 കിലോമീറ്റർ അകലെ പിപാരിയ ടൗണിലാണ് സംഭവം. കൊല്ലപ്പെട്ട രവി വിശ്വകർമ്മ കാറിൽ ഹോഷൻഗബാദിൽ നിന്ന് തിരിച്ചുവരികയായിരുന്നു. പിപ്പാരിയയിൽ എത്തിയപ്പോൾ ഒരു സംഘം ആളുകൾ കാർ തടഞ്ഞു നിറുത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയും രവി വിശ്വകർമയെ വെടിവച്ച് കൊല്ലുകയും ചെയ്തു.

കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം പ്രതികൾ കടന്നുകളഞ്ഞെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ 10 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.