മൈസൂർ: മദ്യപാനിയായ ഭർത്താവിനെ കൊന്ന് കുളത്തിൽ തള്ളിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ.
മൈസൂർ കെആർ നഗര സ്വദേശിയായ ആനന്ദും ഭാര്യ ശാരദയും സാലിഗ്രാമയിലാണ് താമസിച്ചിരുന്നത്. ദിവസവും മദ്യപിച്ച് ലക്കുകെട്ടാണ് ആനന്ദ് വീട്ടിലെത്തിയിരുന്നത്. ഇതിൽ മനംമടുത്ത ശാരദ ആനന്ദിനെ ഇല്ലാതാക്കാൻ തീരുമാനിച്ചു. ഭർത്താവിനെ കൊന്ന് കാമുകനൊപ്പം ജീവിക്കാനായിരുന്നു പദ്ധതി. ജൂൺ 22 നായിരുന്നു സംഭവം.
പതിവുപാേലെ മദ്യപിച്ചെത്തിയ ഭർത്താവിനെ ശാരദ ഒളിപ്പിച്ച് നിറുത്തിയിരുന്ന കാമുകൻ ബാബു തലക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.മൃതദേഹം രാത്രി ആനന്ദിന്റെ ബൈക്കിൽ കൊണ്ടുപോയി ഒരു കുളത്തിൽ തള്ളി. അടുത്ത ദിവസം ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ശാരദ തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി. ഇതിൽ സംശയം തോന്നിയ പൊലീസ് ശാരദയുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻെറ ചുരുളഴിഞ്ഞത്. ഇരുവരെയും റിമാൻഡ് ചെയ്തു.