pic

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച വിക്രംസാരാഭായി സ്‌പേസ് സെന്ററിലെ ( വി.എസ്.എസ്‍.സി ) ജീവനക്കാരന്റെ റൂട്ട് മാപ്പ് ജില്ല ഭരണകൂടം പുറത്തിറക്കി. കഴിഞ്ഞ നാല് മുതൽ രോഗം സ്ഥിരീകരിച്ച 24 വരെയുള്ള ദിവസങ്ങളിൽ ഇയാൾ പോയ സ്ഥലങ്ങളുടേയും പങ്കെടുത്ത ചടങ്ങുകളുടേയും വിവരങ്ങളാണ് പുറത്തുവിട്ടത്. ഇയാൾ നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചുവെന്നാണ് റൂട്ട് മാപ്പ് വ്യക്തമാക്കുന്നത്.

തൃക്കണ്ണാപുരം സ്വദേശിയായ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ വി.എസ്.എസ്‍.സിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന 12 പേരെ നിരീക്ഷണത്തിലാക്കി. ഇദ്ദേഹം ജോലി ചെയ്തിരുന്ന വിഭാഗം അണുവിമുക്തമാക്കും. ഇയാൾ വൈദ്യുതി ബിൽ അടയ്ക്കുന്നതിന് പോകുകയും അടുത്ത വീട്ടിലെ ഗൃഹപ്രവേശനം ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

19ആം തീയതി ഉച്ചയ്ക്ക് 1.30 നും രണ്ടിനും ഇടയിലാണ് വൈദ്യുതി ബിൽ അടയ്ക്കുന്നതിനായി തിരുമല ബ്രാഞ്ചിൽ വന്നത്. 16ആം തീയതി ഉച്ചയ്ക്ക് ഒന്നരക്ക് ഇയാൾ ചാല മാർക്കറ്റിലും പോയിരുന്നു. നഗരം ഇപ്പോൾ അടച്ചിടേണ്ട സാഹചര്യമില്ലെങ്കിലും തലസ്ഥാന നഗരവാസികൾ സർക്കാർ നിർദേശം പാലിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറ‌‌ഞ്ഞു. സമ്പർക്കത്തിലൂടെയുള്ള മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മണക്കാട് സ്ഥിതി അതീവ ഗുരുതരമാണ്. ഈ പ്രദേശത്തെ കണ്ടെയിൻമെന്റ് സോണുകൾ സർക്കാർ വിപുലമാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ രോഗം സ്ഥിരീകരിച്ച 16 പേരുടെ ഉറവിടം വ്യക്തമല്ല.