pic

ന്യൂഡൽഹി: കൊവിഡ് പടർന്നുപിടിക്കുന്ന ഡൽഹിയിലെ 417 പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. നിലവിൽ പരിശോധന നടത്തിയവരിൽ രോഗലക്ഷണങ്ങളുള്ള 45,000 പേരുടെ സ്രവം പരിശോധനക്കയച്ച്‌ ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. റീ-മാപ്പിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 280 ആയിരുന്നു. ഡൽഹി സർക്കാർ പുറത്തിറക്കിയ കൊവിഡ് പ്രതിരോധ പദ്ധതി പ്രകാരം കണ്ടെയ്‌ൻമെന്റ് സോണുകളുടെ റീ- മാപ്പിംഗ് ഈ മാസം 30നകം പൂർത്തിയാക്കും.

2011 ലെ സെൻസസ് പ്രകാരം തലസ്ഥാനത്ത് 34.35 ലക്ഷത്തിലധികം കുടുംബങ്ങളാണുള്ളത്. നിലവിലെ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി തലസ്ഥാനത്തെ ഓരോ ആളുകളെയും പരിശോധിക്കുന്നതിനായി രണ്ട് അംഗങ്ങൾ വീതമുള്ള 1,100 ടീമുകളെ രൂപവത്കരിച്ചിട്ടുണ്ട്. എസ്. എസ്. കൊവിഡ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപിച്ചിരിക്കുന്നത്. ഇത് വഴി സർക്കാർ സജ്ജീകരിച്ച വെബ് പോർട്ടലിലേക്ക് തത്സമയ വിശദാംശങ്ങൾ അയ്ക്കാൻ സാദ്ധിക്കും.