ലഖ്‌നൗ: രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിലെ രാമജന്മഭൂമി സന്ദർശിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ സന്ദർശനമെന്ന് ജില്ലാ മജിസ്ട്രേറ്റ് അനൂജ് കുമാർ ഝാ വ്യക്തമാക്കി. ചില ക്ഷേത്രങ്ങളിലും സന്ദർശനം നടത്തും.അയോദ്ധ്യയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും മുഖ്യമന്ത്രി പരിശോധിക്കും.
കൊവിഡ‍് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗൺ നടപ്പാക്കിയതിന് ശേഷം രണ്ടാം തവണയാണ് യോഗി ആദിത്യ നാഥ് രാമജന്മഭൂമി സന്ദർശിക്കുന്നത്. ഹനുമാൻ ഗാരി ക്ഷേത്രത്തിലും യോഗി ആദിത്യനാഥ് എത്തുമെന്നാണ് വിവരം. മാർച്ച് 25ന് രാംല്ലലാ വിഗ്രഹം മാറ്റി സ്ഥാപിച്ചപ്പോഴാണ് ഇതിനു മുമ്പ് യോഗി ഇവിടെയത്തിയത്. രാമക്ഷേത്ര നിർമ്മാണത്തിനായി 11 ലക്ഷം രൂപ വ്യക്തിപരമായി യോഗി ആദിത്യനാഥ് നൽകിയിട്ടുണ്ട്. സന്ദർശനത്തിന് ശേഷം ലഖ്‌നൗവിൽ തിരിച്ചെത്തുന്ന മുഖ്യമന്ത്രി ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.