മലപ്പുറം: മലപ്പുറം ജില്ലയിൽ ആശങ്കയായി കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പൊന്നാനി താലൂക്കിൽ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചു. നാല് പഞ്ചായത്തുകൾ കൂടി കണ്ടെയ്ൻമെന്റ് സോണാക്കും. വട്ടംകുളം, മാറഞ്ചേരി, എടപ്പാൾ, ആലങ്കോട് പഞ്ചായത്തുകൾ പൂർണമായും പൊന്നാനി നഗരസഭ ഭാഗികമായും കണ്ടെയിൻമെന്റ് മേഖലയാക്കാനാണ് ജില്ലാ ഭരണകൂടം ശുപാർശ ചെയ്തിരിക്കുന്നത്.
എടപ്പാളിൽ ഡോക്ടർമാരടക്കം അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മലപ്പുറത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. സമൂഹ വ്യാപനമറിയുന്നതിനായി നടത്തിയ സെന്റിനൽ സർവൈലൻസ് പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് ബാധിതരുടെ രോഗ ഉറവിടം കണ്ടെത്താനായില്ല. അതേസമയം, നിലവിൽ സമൂഹ വ്യാപനമുള്ളതായി സൂചനയില്ലെന്ന് മലപ്പുറം ജില്ല കളക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു. രോഗബാധിതരുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും മൂന്ന് നഴ്സുമാർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ വെള്ളിയാഴ്ച കൊവിഡ് പോസിറ്റീവായ ഇവർക്ക് രണ്ടാമത് നടത്തിയ പരിശോധനയിലും ഇന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവർക്ക് ആശുപത്രിയിലെ രോഗികളടക്കം നിരവധി പേരുമായി സമ്പർക്കമുണ്ടായിരുന്നു. മാത്രവുമല്ല ആദ്യ ഘട്ടപരിശോധന ഫലം വന്ന വെള്ളിയാഴ്ച്ച വരെ അഞ്ച് ആരോഗ്യ പ്രവർത്തകരും ആശുപത്രിയിൽ വന്നിരുന്നു.