പാങ്ങോട്: കൊവിഡ് വ്യാപനത്തിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്കും നാട്ടിലെ പ്രവാസി കുടുംബങ്ങൾക്കും സഹായമെത്തിക്കുന്നതോടൊപ്പം പഞ്ചായത്തിൽ രോഗവ്യാപന മുൻകരുതലിന് മാതൃകയാകുകയാണ് പാങ്ങോട് പ്രവാസി ഹെൽപ്പ് ഡെസ്ക്. ഹെൽപ്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ പാങ്ങോട് പഞ്ചായത്ത് ഓഫീസിലേക്കും, പൊലീസ് സ്റ്റേഷനിലേക്കുമുള്ള തെർമൽ സ്കാനറിന്റെ വിതരണവും ഗ്രൂപ്പ് അംഗങ്ങൾക്കുള്ള അര ഡസൻ വീതം മാസ്കിന്റെ വിതരണവും ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. കൊവിഡ് 19 ആരംഭിച്ചപ്പോൾ തന്നെ ഹെൽപ്പ് ഡെസ്ക് രൂപീകരിച്ച് പ്രവാസികൾക്ക് മെഡിക്കൽ സഹായമെത്തിച്ചും, യാത്രാ സൗകര്യമേർപ്പെടുത്തിയും, നാട്ടിലെ പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റെത്തിച്ചും പ്രവാസികൾക്ക് യാത്രാ സൗകര്യമൊരുക്കാൻ കേന്ദ്രവിദേശകാര്യമന്ത്രി, സഹമന്ത്രി, കേരള മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, എം.പിമാർ തുടങ്ങിയവർക്ക് നിവേദനങ്ങൾ അയച്ചും മാതൃകാ പ്രവർത്തനം നടത്തിയതിനെ എം.എൽ.എ അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത, പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സുനീഷ്, ഷെമീർ കൊച്ചുവിള, ഷാനവാസ്.ജെ, സിദ്ദിഖ്, അഭിലാഷ് പാങ്ങോട്, മാങ്കോട് നിസാർ, സുഭാഷ്, സനൽകുമാർ എന്നിവർ പങ്കെടുത്തു.