വെമ്പായം: തലസ്ഥാന നഗരിയിലേക്ക് പ്രവേശിക്കുന്ന സംസ്ഥാന പാതയിലെ കൊടുംവളവുകളിൽ പതിയിരിക്കുന്ന അപകടങ്ങളിൽ പൊലിയുന്നത് നൂറുകണക്കിന് ജീവനുകൾ. സുരക്ഷാ ഇടനാഴി പദ്ധതിയും സംസ്ഥാന റോഡ് വികസനവും ഒക്കെ വന്നിട്ടും തിരുവനന്തപുരം - കൊട്ടാരക്കര റോഡിലെ മണ്ണന്തല മുതൽ തൈക്കാട്‌ വരെയുള്ള ഭാഗത്ത് പതിറ്റാണ്ടുകളായി യാതൊരു വികസനവും ഉണ്ടായിട്ടില്ല. റോഡിന്റെയും പാലങ്ങളുടെയും വീതി കുറവും, കൊടും വളവുകളും, വെമ്പായം, വട്ടപ്പാറ തുടങ്ങി പ്രധാന ജംഗ്ഷനുകളുടെ വികസനമില്ലായ്മയും ഈ റോഡിനെ ദുരിതത്തിലാക്കുന്നു. രാപ്പകൽ വൃത്യാസമില്ലാതെ വാഹനങ്ങളുടെ തിരക്കുള്ള ഈ റോഡിൽ കെ.എസ്‌.ആർ.ടി.സി ബസ്‌ ഉൾപ്പടെയുള്ളവയുടെ മരണപാച്ചിലും ഗതാഗതനിയന്ത്രണ സംവിധനങ്ങളോ മുന്നറിയിപ്പ്‌ ബോർഡുകളോ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു.