123

തിരുവനന്തപുരം: പകർച്ചവ്യാധികൾ തടയുന്നതിനും മാലിന്യ നിർമ്മാർജ്ജനം ഫലപ്രദമാക്കുന്നതിനുമായി നഗരസഭയുടെ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികൾ കൂടുതൽ സജീവമാകുന്നു. സുരക്ഷിതമായി ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ കഴിയുന്ന സംവിധാനമായ കിച്ചൺ ബിൻ മാലിന്യ സംസ്‌കരണമാണ് നഗരസഭ കൂടുതൽ വ്യാപിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 1800 രൂപ വിലയുള്ള കിച്ചൺ ബിൻ സൗജന്യമായാണ് പൊതുജനങ്ങൾക്ക് നൽകുന്നതെന്ന് മേയർ കെ.ശ്രീകുമാർ അറിയിച്ചു. ഇനാക്കുലം ഉൾപ്പെടെ 200 രൂപയാണ് മാസം സർവീസ് ചാർജായി ഈടാക്കുന്നത്. വീടുകളിൽ സ്ഥാപിക്കുന്ന മൂന്ന് തട്ടുകളുള്ള കിച്ചൺ ബിൻ യൂണിറ്റ് ഉപയോഗപ്പെടുത്തി അഞ്ചംഗ കുടുംബത്തിന് ശരാശരി രണ്ട് മാസക്കാലം വരെയുണ്ടാകുന്ന ജൈവമാലിന്യങ്ങൾ സംസ്കരിച്ച് കമ്പോസ്റ്റാക്കി മാറ്റാൻ കഴിയും. കിച്ചൺ ബിന്നുകൾ സ്ഥാപിച്ചിട്ടുള്ള വീടുകളിൽ നഗരസഭ പുറത്തിറക്കിയ അജൈവ മാലിന്യ ശേഖരണ കലണ്ടർ പ്രകാരം അജൈവ മാലിന്യങ്ങളും അതാത് വാർഡുകളിൽ നിശ്ചയിച്ചിട്ടുള്ള സർവീസ് പ്രൊവൈഡർമാർ ശേഖരിക്കും. ഉറവിട മാലിന്യ സംസ്കരണത്തിനായി കമ്മ്യൂണിറ്റി തലത്തിൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി 220 പോർട്ടബിൾ എയറോബിക് ബിന്നുകളും 54 കേന്ദ്രങ്ങളിലായി 414 എയറോബിക് ബിന്നുകളും പ്രവർത്തിക്കുന്നുണ്ട്. 54 കേന്ദ്രങ്ങളിൽ അജൈവ മാലിന്യ ശേഖരിക്കുന്നതിനായി മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. വീടുകളിൽ ഉറവിട മാലിന്യ സംസ്കരണത്തിനായി നഗരസഭ സ്ഥാപിച്ചിട്ടുള്ള കിച്ചൺ ബിന്നുകൾ, കമ്മ്യൂണിറ്റി തലത്തിൽ ജൈവ മാലിന്യം സംസ്കരിക്കുന്നതിനായി ഒരുക്കിയിട്ടുള്ള എയറോബിക് ബിൻ യൂണിറ്റുകൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന ജൈവ വളമാണ് നിലവിൽ നഗരസഭയുടെ കാർഷിക പദ്ധതികൾക്കായി വിനിയോഗിക്കുന്നത്. കിച്ചൺ ബിൻ ആവശ്യമുള്ളവർക്ക്, ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസുകൾ, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ വഴിയും നഗരസഭയുടെ സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം.