തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് ഇടുക്കി ജില്ലയിൽ മാത്രമാണ് യെല്ലോ അലർട്ട്. നാളെ കോട്ടയം,ആലപ്പുഴ,എറണാകുളം,കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിക്കും. തെക്ക് -പടിഞ്ഞാറ് അറബിക്കടലിലും, മധ്യ -പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. സംസ്ഥാനത്ത് ഇതുവരെ കാലവർഷത്തിൽ ലഭിച്ച മഴയുടെ അളവ് കുറവാണ്. ഇന്നലെവരെ 527 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 437.58 മി.മി മാത്രമാണ് ലഭിച്ചത്. വയനാട്, ഇടുക്കി ,ആലപ്പുഴ എന്നീ ജില്ലകളിൽ 51 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് മെച്ചപ്പെട്ട മഴ പെയ്തത്. കോഴിക്കോട് ശരാശരിയിലും 40 ശതമാനം കൂടുതൽ മഴ കിട്ടി. തിരുവനന്തപുരത്ത് 17.5 ശതമാനവും കണ്ണൂരിൽ 21.8 ശതമാനവും അധികം മഴ പെയ്തു.