മുംബയ്: കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ജൂൺ 30ന് ലോക്ക്ഡൗൺ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ലോക്ക്ഡൗൺ ഇളവുകൾ സംസ്ഥാനത്ത് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.നമുക്ക് ലോക്ക്ഡൗൺ എന്ന വാക്കുമാറ്റിവയ്‌ക്കാമെന്ന് പറഞ്ഞ അദ്ദഹേം അൺലോക്കിങ്ങിനെ കുറിച്ച് സംസാരിക്കാമെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നുമുതൽ ബാർബർ ഷോപ്പുകൾ തുറന്നു. കടകളും ഓഫീസുകളും ഇതിനകം തുറന്നുകഴിഞ്ഞു. എന്നാൽ വൈറസിനെ നാം അതിജീവിച്ചിട്ടില്ല. ജൂൺ 30ന് ശേഷം എല്ലാം പഴയ നിലയിലാകുമെന്ന് കരുതരുതെന്ന് പറഞ്ഞ അദ്ദേഹം വളരെ ശ്രദ്ധാപൂർവമാണ് ഓരോ ചുവടും മുന്നോട്ട് വയ്ക്കേണ്ടതെന്നും വ്യക്തമാക്കി.
അതേസമയം മഹാരാഷ്ട്രയിലെ അകോല ജയിലിലെ 50 തടവുകാർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 1,59,133 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ റിപ്പോർട്ട് ചെയ്ത 5318 പുതിയ കേസുകളിൽ1,460 ഉം മുംബയിൽ നിന്നാണ്. 73,747 പേർക്കാണ് മുംബയിൽ രോഗം സ്ഥിരീകരിച്ചത്. 4282 പേർ മരിച്ചു.