തിരുവനന്തപുരം: ഗോഡൗണുകൾ കേന്ദ്രീകരിച്ചുള്ള റേഷൻ തിരിമറിയെക്കുറിച്ച് അന്വേഷണം തുടങ്ങിയതിന് പിന്നാലെ, മൂന്ന് വർഷം വരെ പഴക്കമുള്ള ഉപയോഗശൂന്യമായ അരി വീണ്ടും റേഷൻ കടകളിലെത്തിച്ചു വിതരണം തുടങ്ങി.ചാക്കുകളിൽ, 'സിവിൽ സപ്ലൈസ് കോർപ്പറേഷൻ തെലങ്കാന' എന്ന മുദ്രക്കു പുറമെ, 2017, 2018 എന്നീ വർഷങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അരി വാങ്ങിയവർ നിറവ്യത്യാസവും ദുർഗന്ധവും കാരണം പരാതി പറഞ്ഞതോടെയാണ് കടക്കാർ ചാക്കിലെ പഴക്കം ചെന്ന മുദ്ര ശ്രദ്ധിച്ചത്. വിതരണം ചെയ്യാൻ ഗോഡൗണുകളിൽ സംഭരിച്ചിരുന്ന 1892 ടൺ അരിയും 627.91 ടൺ ഗോതമ്പും കേടായതായതിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ സാങ്കേതിക സമിതിയെ ചുമതലപ്പെടുത്തിയത് ഒരാഴ്ച മുമ്പാണ്. കഴിഞ്ഞ മാസം നീല, വെള്ള കാർഡുകാർക്കായി റേഷൻ കടകളിലെത്തിച്ച അരിച്ചാക്കുകളിൽ പലതും പൊടിയും പ്രാണികളും നിറഞ്ഞതായി കണ്ടെത്തിയിരുന്നു.
സംസ്ഥാന സിവിൽ സപ്ളൈസ് കോർപ്പറേഷനിലെ വിതരണരീതിയനുസരിച്ച് 2017, 2018 വർഷങ്ങളിലെ അരി വിതരണം തൊട്ടടുത്ത വർഷത്തിനകം പൂർത്തിയാകേണ്ടതാണ്. കഴിഞ്ഞ രണ്ട് പ്രളയ സമയത്തും ഈ വർഷവും കൂടുതൽ അരി വിതരണം ചെയ്തിട്ടുണ്ട്. അതിനാൽ പഴയ സ്റ്റോക്ക് ബാക്കി വരാനിടയില്ല.
സംശയം
ഇങ്ങനെ:
* നല്ല അരി കരിഞ്ചന്തയിലേക്ക് . അവിടെ നിന്ന് മോശം അരി അതേ ചാക്കിൽ ഗോഡൗണുകളിലെത്തിച്ചു
* കേടായ അരിയുടെ യഥാർത്ഥ അളവ് കണ്ടെത്താതിരിക്കാൻ ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്ക്
''റേഷൻ കടകളിൽ പഴയ സ്റ്റോക്ക് എത്തുന്നതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും''-
-ഹരിത വി.കുമാർ,
സിവിൽ സപ്ളൈസ്
ഡയറക്ടർ