തിരുവനന്തപുരം: സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ വരും ദിവസം പ്രതിപക്ഷത്തിെന്റെ തുറുപ്പുചീട്ട് ഇ-മൊബിലിറ്റി പദ്ധതിയിലെ അഴിമതിയായിരിക്കുമെന്ന് സൂചന നൽകി കെ.എസ് ശബരീനാഥ് എം.എൽ.എ. പ്രതിപക്ഷ നേതാവ് അഴിമതി ആരോപണം ഉന്നയിച്ച് നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം പ്രതിപക്ഷ ഫേസ്‌ബുക്കിൽ സർക്കാരിനെതിരെ ആരോപണം കടുപ്പിച്ച് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വന്നുതുടങ്ങി. തൊട്ടുപിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കൂടിയായ ശബരീനാഥ് ഗതാഗതമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നതെന്നാണ് ശബരീനാഥ് പറയുന്നത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഗതാഗതമന്ത്രിയുടെ വാർത്താസമ്മേളനം എന്ന് പറയുന്ന അദ്ദേഹം പദ്ധതിയുടെ ഫയലിൽ താൻ ഒപ്പുവച്ചിട്ടുണ്ടോയെന്ന് നോക്കിയിട്ട് പറയാമെന്ന് മന്ത്രി പറഞ്ഞതിനേയും പരിഹസിച്ചു. മന്ത്രിയുടെ മറുപടി ഏത് ദിശയിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നതിന്റെ സൂചനയാണെന്നും ശബരീനാഥ് പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
e-mobility പദ്ധതിയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നത്. 3000 ഇലക്ട്രിക് ബസ്സുകൾ വാങ്ങുവാൻ 4500 കോടിയുടെ കരാർ നൽകിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നുള്ള പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്ന രീതിയിലാണ് ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ അവ്യക്തമായ മറുപടിയും അദ്ദേഹത്തിന്റെ ശരീരഭാഷയും.
4500 കോടി രൂപയുടെ പദ്ധതിയെ സംബന്ധിച്ച ഫയലിൽ താൻ ഒപ്പു വെച്ചിട്ടുണ്ടോ എന്നുള്ളത് നോക്കിയിട്ട് പറയാം എന്നാണ് മന്ത്രി പറയുന്നത്. തന്റെ ഡിപ്പാർട്ട്മെന്റിലെ ഏറ്റവും വലിയ ഒരു പർച്ചേസ് മന്ത്രി അറിഞ്ഞിട്ടില്ല, അല്ലെങ്കിൽ ആലോചിച്ചിട്ട് പറയാം എന്നുള്ളത് ഏതു ദിശയിലാണ് കാര്യങ്ങൾ പോകുന്നത് എന്നുള്ളതിന്റെ വ്യക്തമായ സൂചനയാണ്.