തിരുവനന്തപുരം: കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി ആദ്യ രണ്ട് വർഷം വരെ പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന മാതൃജ്യോതി പദ്ധതിയിൽ വിവിധ വെല്ലുവിളികളുള്ള അമ്മമാരെ ഉൾപ്പെടുത്തിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനായി 12 ലക്ഷം രൂപയും അനുവദിച്ചു. പ്രതിമാസം ഒരു ഗുണഭോക്താവിന് 2000 രൂപ നിരക്കിൽ രണ്ട് വർഷത്തേക്ക് 48,000 രൂപയാണ് ലഭിക്കുന്നത്. മൂന്നു മാസത്തിനകം അപേക്ഷ സമർപ്പിക്കുന്നവർക്കാണ് 24 മാസത്തെ ആനുകൂല്യം ലഭിക്കുക. അതിനുശേഷം അപേക്ഷിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കുന്ന തീയതി മുതൽ കുട്ടിക്ക് രണ്ട് വയസാകുന്നത് വരെയാണ് ആനുകൂല്യം അനുവദിക്കുക.