lock-down

തിരുവനന്തപുരം: ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ച് ഇളവുകൾ നൽകിയെങ്കിലും ഇന്നലെ ജില്ലയിൽ മെഡിക്കൽ സ്റ്റോർ അടക്കമുള്ള ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും തുറന്നില്ല. കൂടുതൽ ഇളവുകൾ ലഭിച്ചതോടെ വാഹനത്തിന്റെ എണ്ണത്തിൽ വർദ്ധനയുണ്ടായി. അതേസമയം ,പതിവ് നിയന്ത്രണങ്ങൾ തുടരുകയും, രാത്രി ഒൻപതു മുതൽ രാവിലെ അഞ്ചുമണിവരെയുള്ള കർ‌ഫ്യു കർശനമാക്കുകയും ചെയ്‌തു. കണ്ടെയ്‌ൻമെന്റ് സോണുകളിലും മറ്റ് തീവ്രബാധിത മേലകളിലെയും കർശന നിയന്ത്രണങ്ങൾ അതേപോലെ തുടർന്നു. മദ്യശാലകൾ പ്രവർത്തിച്ചു. ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളും ബാറുകളും ബെവ്ക്യൂ ആപ്പ് ബുക്കിംഗ് അനുസരിച്ച് മദ്യവില്പന നടത്തി. കള്ളുഷാപ്പുകളും പ്രവർത്തിച്ചു. കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകളും സർവീസ് നടത്തി. ജില്ലാന്തര യാത്രകൾ അനുവദിച്ചിരുന്നു. അതേസമയം മാർക്കറ്റുകളിൽ നിയന്ത്രണം കർ‌ശനമാക്കിയിരുന്നു. നഗരത്തിലെ പ്രധാനയിടങ്ങളിലെല്ലാം പൊലീസിന്റെ മാസ്ക് പരിശോധനയുണ്ടായിരുന്നു.

കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനിയുള്ള ഞായറാഴ്ചകളിൽ ലോക്ക് ഡൗൺ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ തുടരണമെന്ന നിർദ്ദേശം പൊതു ഭരണ വകുപ്പ് മുന്നോട്ട് വച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് സമ്പൂർണ ലോക്ക് ഡൗൺ പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചത്. നിർദ്ദേശിക്കുന്ന എല്ലാ ജാഗ്രതാനിർദേശങ്ങളും പാലിക്കണമെന്നും സർക്കാർ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം തുടർച്ചയായുള്ള ദിവസങ്ങളിൽ നൂറ് കടക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇളവുകളിൽ ആശങ്ക ഉയരുന്നുണ്ട്.