routte-map

തിരുവനന്തപുരം: ഉറവിടമറിയാതെ കൊവിഡ് സ്ഥിരീകരിച്ച വി.എസ്.എസ്.സി ജീവനക്കാരന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം ഇന്നലെ പുറത്തുവിട്ടു. റൂട്ട് മാപ്പ് പ്രകാരം നിരവധി സ്ഥലങ്ങൾ ഇദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. തൃക്കണ്ണാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന മണക്കാട് സ്വദേശിയായ ഇദ്ദേഹം ജൂൺ 4 ന് രാത്രി ഏഴിന് അയൽവാസിയുടെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തു. ആറിന് രാവിലെ 10.35 മുതൽ 12 വരെ കഴക്കൂട്ടം എസ്.ബി.ഐ ബ്രാഞ്ചിൽ ചെലവഴിച്ചു. ഏഴിന് ഉച്ചയ്ക്ക് 11.45ന് ഭാര്യാപിതാവിന്റെ കൂടെ തോന്നയ്ക്കലുള്ള ജ്യോത്സ്യന്റെ വീട്ടിലും എട്ടിന് ഉച്ചയ്ക്ക് എസ്.ബി.ഐ തുമ്പ ബ്രാഞ്ചിലും പോയി. ജൂൺ 8 മുതൽ 13 വരെ വി.എസ്.എസ്.എസിയിൽ ജോലിയിലുണ്ടായിരുന്നു. 13ന് വീടിന് സമീപത്ത് മരം മുറിക്കാനെത്തിയ നാല് പേരുമായി സമ്പർക്കമുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 15ന് രാത്രി 7.30ന് ക്ഷീണം, ജലദോഷം എന്നിവയെ തുടർന്ന് തിരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പോയെങ്കിലും ഡോക്ടറെ കണ്ടില്ല. 16ന് രാവിലെ 10ന് തിരുമല പ്ലാവിള പെട്രോൾ പമ്പിലെത്തി. 10.30ന് പനിയും ചുമയും അനുഭവപ്പെട്ടതോടെ തിരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിക്ക് സമീപത്തെ മെഡിക്കൽ ഷോപ്പും സന്ദർശിച്ചു. 11.15 ഓടെ പുത്തൻകോട്ട ജംഗ്ഷനിൽ വച്ച് വി.എസ്.എസ്.സിയിലെ ജൂനിയർ എൻജിനിയറെ കണ്ടിരുന്നു. സമീപത്തെ കടയിലുമെത്തി. 12ഓടെ പി.ടി.പി നഗറിൽ താമസിക്കുന്ന വാട്ടർ അതോറിട്ടി ജീവനക്കാരനെയും സന്ദർശിച്ചു. തുടർന്ന് മണക്കാടുള്ള തറവാട് വീട്ടിലേക്ക്. 18ന് മകളുടെ പുസ്തകങ്ങൾ വാങ്ങാൻ കാർമൽ സ്‌കൂളിലെത്തി. ബില്ലടയ്ക്കുന്നതിനായി കിഴക്കേകോട്ട ഏഷ്യാനെറ്റ് ഓഫീസ് (ഉച്ചയ്ക്ക് 12 മുതൽ 1 വരെ), ചാലയിലെ കട, ആര്യശാലയിലെ സ്വീറ്റ്സ് ഷോപ്പ്, ചാലയിലെ ഇന്ത്യൻ ബാങ്ക് (1.30 മുതൽ 1.45 വരെ), 2.30ന് കിള്ളിപ്പാലത്തുള്ള കട എന്നിവ സന്ദർശിച്ചു. 19ന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വീണ്ടും തിരുമലയിലെ ആശുപത്രിയിലെത്തി. 1.30ന് തിരുമല കെ.എസ്.ഇ.ബി ഓഫീസിൽ ബില്ലടയ്ക്കുന്നതിനായും പോയിട്ടുണ്ട്.

21ന് പി.ആർ.എസ് ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം കിള്ളിപ്പാലത്തുള്ള ഭാര്യവീട്ടിലെത്തി. 23ന് വൈകിട്ട് അഞ്ചോടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് പി.ആർ.എസിൽ പ്രവേശിപ്പിച്ചു. 24ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വള്ളക്കടവ് സ്വദേശിയുടെ റൂട്ട് മാപ്പ്

തിരുവനന്തപുരം: വി.എസ്.എസ്.സിയിൽ നിന്നും വിരമിച്ച വള്ളക്കടവ് സ്വദേശിയുടെ റൂട്ട് മാപ്പും പുറത്തുവിട്ടു. 12 മുതൽ 17 വരെ വീട്ടിൽ നിന്ന് പുത്തൻപാലത്തേക്കും തുടർന്ന് ചാക്കയിലേക്കുമായി പ്രഭാത നടത്തത്തിന് പോയി. വള്ളക്കടവ് മാർക്കറ്റിലെത്തി മീനും സമീപത്തെ കടയിൽ നിന്നും പലവ്യഞ്ജനവും വാങ്ങിയിരുന്നു. ഇതിനിടയിൽ ഒരു ദിവസം രാമചന്ദ്ര റീട്ടെയിൽ ഷോപ്പിൽ പോയി. 18,19 ദിവസങ്ങളിൽ പനി, ചുമ, ശരീരവേദന എന്നിവ കാരണം വീട്ടിൽ വിശ്രമം. 20 ന് വൈകിട്ട് 6 നും 8 നും ഇടയിൽ പടിഞ്ഞാറേകോട്ടയിലെ പ്രൈവറ്റ് ആശുപത്രിയിലെത്തി. തുടർന്ന് സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി. 21 നും 22 നും വീട്ടിൽ വിശ്രമിച്ചെങ്കിലും രോഗലക്ഷണങ്ങൾ ആരംഭിച്ചു. 23 ന് വൈകിട്ട് 3 നും 5 നുമിടയിൽ കുളത്തൂർ കോലത്തുകര ക്ഷേത്രത്തിന് സമീപമുള്ള സഹോദരന്റെ വീട്ടിൽ മകളുടെ വിവാഹപാർട്ടിക്കെത്തി. 6 നും 8 നുമിടയിൽ പടിഞ്ഞാറേകോട്ടയിലെ പ്രൈവറ്റ് ആശുപത്രിയിലെത്തി. 24 ന് വൈകിട്ടും 25 ന് രാവിലെയും അനന്തപുരി ആശുപത്രിയിലെത്തി. ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് സ്രവ പരിശോധന നടത്തി പോസിറ്റീവായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.