# രണ്ട് ഡോക്ടർമാരടക്കം അഞ്ച് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്
തിരുവനന്തപുരം :സമൂഹ വ്യാപനഭീതി നിലനിൽക്കെ, സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം രണ്ടായിരം കടന്നു. മലപ്പുറത്ത് രണ്ടു ഡോക്ടർമാരടക്കം അഞ്ച് ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. ഇവർ ഉൾപ്പെടെ ഇന്നലെ 118 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ 2015പേരാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ 10 ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം നൂറിൽ കൂടുതലാണ്. ഈ മാസം ആറിന് 973 പേരായിരുന്നു ചികിത്സയിൽ. 22 ദിവസത്തിനിടെ 1042 പേർ രോഗികളായി.എടപ്പാൾ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ വട്ടംകുളം കണ്ണഞ്ചിറ സ്വദേശി (61), ശുകപുരം ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റുമാരായ എടപ്പാൾ തുയ്യംപാലം സ്വദേശിനി (54), വട്ടംകുളം ശുകപുരം സ്വദേശിനി (28), എടപ്പാൾ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം ഡോക്ടറായ വട്ടംകുളം ശുകപുരം സ്വദേശി (49), സ്റ്റാഫ് നഴ്സ് എടപ്പാൾ പൊറൂക്കര സ്വദേശിനി (32) എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 പേർക്കാണ് സമ്പർക്കത്തിലൂടെ പകർന്നത്. മൊത്തം രോഗബാധിതർ: 4189 .രോഗമുക്തർ: 2150.മരണം: 22
13 പുതിയ ഹോട്ട് സ്‌പോട്ടുകൾ
കോട്ടയത്ത് മുനിസിപ്പാലിറ്റി (വാർഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാൽ (7), മലപ്പുറത്ത് വട്ടക്കുളം, എടപ്പാൾ, ആലങ്കോട്, പൊന്നാനി മുനിസിപ്പാലിറ്റി (ചില വാർഡുകൾ), മാറഞ്ചേരി, പുൽപ്പറ്റ (7), ആലപ്പുഴയിൽ അരൂർ (1), ചെന്നിത്തല (14), എറണാകുളത്ത് പാറക്കടവ് (8), കൊച്ചി കോർപ്പറേഷൻ (67) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. മൊത്തം ഹോട്ട് സ്പോട്ടുകളുടെ എണ്ണം 124.