kovalam

കോവളം: ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 23 കാരിയായ മകളുടെ മരണം കൊലപാതകമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഐത്തിയൂർ കരയ്ക്കാട്ടുവിള ഷംന മൻസിലിൽ ഷാജഹാനാണ് പരാതി നൽകിയത്. ജൂൺ 5 നാണ് മകൾ ഷഹാനയെ ഭർത്താവായ ഷഫീക്കിന്റെ ഉച്ചക്കടയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ മകൾ ഫോൺ ചെയ്യുകയും ഉടൻ വീട്ടിലേക്ക് വരികയാണെന്ന് തന്നെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞ് ഷഹാനയുടെ മൃതദേഹമാണ് കാണാൻ കഴിഞ്ഞത്. 2015 ജൂലായ് 30 ന് ആയിരുന്നു ഷഫീക്കുമായി മകളുടെ വിവാഹം. ദമ്പതികൾക്ക് ഒന്നര വയസുള്ള ഒരു മകനുമുണ്ട്. വിവാഹത്തിനുശേഷം ഷഫീക്കും മാതാവും ചേർന്ന് മകളെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.