കുളത്തൂർ: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വള്ളക്കടവ് സ്വദേശി റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥൻ പങ്കെടുത്ത വിവാഹച്ചടങ്ങിനെത്തിയവരിൽ 25 പേരുടെ സ്രവം ശേഖരിച്ചു. കുളത്തൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഇന്നലെ രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വരെ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലാണ് സ്രവം ശേഖരിച്ചത്. ഇന്ന് 50 പേരുടെയും നാളെ 25 പേരുടെയും സ്രവം ശേഖരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുളത്തൂർ ഗവ. സ്‌കൂളിന് സമീപം സഹോദരന്റെ മകളുടെ വിവാഹ ചടങ്ങിന്റെ തലേദിവസമാണ് ഇയാൾ പങ്കെടുത്തത്. 24ന് രോഗലക്ഷണം കണ്ടതിനാൽ കോലത്തുകര ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം രോഗിയുമായി ഇടപെട്ട എല്ലാവരും ക്വാറന്റൈനിൽ പോയിട്ടുണ്ട്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗമുണ്ടായതെന്ന് ഇനിയും വ്യക്തമല്ല. അതിനിടെ വിവാഹം നടന്ന കോലത്തുകര ക്ഷേത്രവും പരിസരവും വിവാഹ വീടും സമീപ പ്രദേശങ്ങളും സ്രവ പരിശോധന നടന്ന സ്‌കൂളിലും ഇന്നലെ നഗരസഭയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. നഗരസഭയുടെ കുളത്തൂർ സോണൽ ഹെൽത്ത് ഇൻസ്‌പെക്ടർ അജയൻ, ജെ.എച്ച്.ഐമാരായ അനിൽ. വി, ഷിജു എന്നിവർ നേതൃത്വം നൽകി.