covid-hotspot-

തിരുവനന്തപുരം: സമ്പർക്കത്തിലൂടെയും ഉറവിടമറിയാതെയും തലസ്ഥാനത്ത് കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള കണ്ടെയ്ൻമെന്റ് സോണുകളുടെ പരിധികൂട്ടും. ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ച മണക്കാടിന് സമീപമുള്ള വാർഡുകളെ ഉൾപ്പെടെ കണ്ടെയ്ൻമെന്റ് സോണാക്കിയേക്കും. എന്നാൽ നഗരം പൂർണമായി അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. വിദ്യാസമ്പന്നരായ വി.എസ്.എസ്.സി ഉദ്യോഗസ്ഥർ വാട്ടർ ബിൽ അടയ്ക്കാൻ പോയതും വിവാഹചടങ്ങുകളിൽ പങ്കെടുത്തതും ഖേദകരമാണ്. നഗരവാസികൾ സർക്കാർ നിർദ്ദേശം കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഉറവിടം അറിയാത്ത കേസുകൾ കൂടുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഇതുവരെ ഉറവിടമറിയാത്ത എട്ടുപേർ രോഗബാധിതരായതിൽ മൂന്നു പേർ മരിച്ചു. ഐരാണിമുട്ടത്തെ ആട്ടോ ഡ്രൈവർ, വള്ളക്കടവിലുള്ള റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥൻ, മണക്കാട് ത്രിവേണി നഗറിലുള്ള വി.എസ്.എസ്.സിയിലെ ടെക്‌നീഷ്യൻ എന്നിവർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചത്. ഇവർ നിരവധി പേരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ട്. ഇതിൽ രണ്ടു പേരിൽ നിന്നായി ഏഴു പേർക്ക് സമ്പർക്കത്തിലൂടെയും രോഗം പകർന്നു. ഇതിൽ രോഗം ബാധിച്ച ഐരാണിമുട്ടത്തെ ആട്ടോ ഡ്രൈവറുടെ ഭാര്യാസഹോദരൻ നഗരത്തിലെ വിവിധഭാഗങ്ങളിൽ കടകളിൽ സിഗരറ്റ് എത്തിച്ചു നൽകുന്നയാളാണെന്നത് ആശങ്ക വർദ്ധിക്കുന്നു. വള്ളക്കടവിലെ റിട്ട. വി.എസ്.എസ്.സി ഉദ്യോഗസ്ഥൻ വിവാഹചടങ്ങുകളിൽ ഉൾപ്പെടെ പങ്കെടുത്തതും ഗൗരവം വർദ്ധിപ്പിക്കുന്നു. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ച നാലാഞ്ചിറയിലെ ഫാ. കെ.ജി.വർഗീസ്, വഞ്ചിയൂർ സ്വദേശി രമേശൻ, പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് എന്നിവരുടെ രോഗ ഉറവിടം ഇനിയും വ്യക്തമാകാത്തത് സമൂഹവ്യാപന സംശയം ബലപ്പെടുത്തുന്നു.


 കൂടുതൽ മാർക്കറ്റുകളിൽ നിയന്ത്രണം

നഗരത്തിലെ കൂടുതൽ മാർക്കറ്റുകളിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു. പാളയം, ചാല മാർക്കറ്റുകൾക്ക് പുറമേ പേരൂർക്കട, കുമരിചന്ത എന്നിവിടങ്ങളിലാണ് നിയന്ത്രണം കർശനമാക്കുന്നത്. രാത്രി യാത്രാനിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രി 9 മുതൽ പുലർച്ചെ 5 വരെ പരിശോധന പൊലീസ് കർശനമാക്കി.