barcelona-draw

സെൽറ്റ ഡി വിഗോ 2-2ന് ബാഴ്സലോണയെ സമനിലയിൽ തളച്ചു

ബാഴ്സയുടെ ലാ ലിഗ കിരീട സാദ്ധ്യതകൾക്ക് കനത്ത തിരിച്ചടി

മാഡ്രിഡ് : കൊവിഡ് ലോക് ഡൗണിന് ശേഷമുള്ള അഞ്ച് മത്സരങ്ങളിൽ രണ്ടാം സമനില വഴങ്ങിയതോടെ സ്പാനിഷ് ലാലിഗ കിരീടം നിലനിറുത്താമെന്നുള്ള ബാഴ്സലോണയുടെ മോഹത്തിന് കനത്ത തിരിച്ചടിയേറ്റു.

കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ സെൽറ്റ ഡി വിഗോ 2-2നാണ് ബാഴ്സയെ സമനിലയിൽ തളച്ചത്. ഇപ്പോഴും പോയിന്റ് നിലയിൽ മുന്നിലുള്ളത് ബാഴ്സലോണയാണെങ്കിലും മത്സരങ്ങളുടെ എണ്ണത്തിൽ ഒന്നുകുറവുള്ള റയൽ മാഡ്രിഡ് അടുത്ത കളിയിൽ വിജയിച്ചാൽ രണ്ട് പോയിന്റ് ലീഡോടെ മുന്നിലെത്തും.

സെൽറ്റ ഡിവിഗോയുടെ തട്ടകത്തിൽ ചെന്നാണ് ബാഴ്സലോണ സമനില വഴങ്ങിയത്. രണ്ടുതവണ ലീഡ് ചെയ്തശേഷമാണ് തുല്യതയിലേക്കെത്തിയത്. നിശ്ചിതസമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പുവരെ വിജയപ്രതീക്ഷയിലായിരുന്ന ബാഴ്സലോണയെ 88-ാം മിനിട്ടിൽ ലാഗോ ആസ്‌പാസ് നേടിയ ഗോളിനാണ് സമനിലയിൽ തളച്ചത്. ലൂയിസ് സുവാരേസാണ് ബാഴ്സയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. 20-ാം മിനിട്ടിലായിരുന്നു ആദ്യ ഗോൾ. 50-ാം മിനിട്ടിൽ സ്മൊളോവ് സമനില നേടിയെടുത്തു. 67 -ാം മിനിട്ടിൽ സുവാരേസ് രണ്ടാംഗോളും നേടി. എന്നാൽ ആസ്‌‌പാസിന്റെ ഗോൾ കളിയുടെ വിധി മാറ്റിയെഴുതുകയായിരുന്നു.

ഇൗ വിജയത്തോടെ ബാഴ്സലോണയ്ക്ക് 32 മത്സരങ്ങളിൽനിന്ന് 69 പോയിന്റായി രണ്ടാംസ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 68 പോയിന്റാണുള്ളത്. ലീഗിൽ അവസാനസ്ഥാനത്തുള്ള എസ്‌പാന്യോളുമായാണ് റയലിന്റെ അടുത്ത മത്സരം. ഇൗ കളിയിൽ റയൽ ജയിച്ചാൽ ബാഴ്സലോണ പിന്നിലാകും. സെൽറ്റയ്ക്കെതിരായ മത്സരത്തിന് ഇറങ്ങുംമുമ്പ് റയലിനും ബാഴ്സയ്ക്കും 68 പോയിന്റ് വീതമായിരുന്നു. എന്നാൽ ഇൗ സീസണിലെ നേർക്ക് നേർ പോരാട്ടത്തിൽ വിജയിച്ചതിനാൽ റയലായിരുന്നു ഒന്നാംസ്ഥാനത്ത്.

അത്‌ലറ്റിക്കോ മൂന്നാമത്

ഇന്നലെ നടന്ന മത്സരത്തിൽ ഡിപോർട്ടിവോ അലാവേസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ് സ്പാനിഷ് ലാലിഗയിലെ പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തെത്തി. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം 59-ാം മിനിട്ടിൽ സൗളും 73-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഡീഗോ കോസ്റ്റയുമാണ് അത്‌ലറ്റിക്കോയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ഇൻജുറി ടൈമിൽ ഹൊസേലുവാണ് അലാവേസിനായി ആശ്വാസ ഗോൾ നേടിയത്.

32 മത്സരങ്ങളിൽനിന്ന് 58 പോയിന്റുമായാണ് അത്‌ലറ്റിക്കോ മൂന്നാംസ്ഥാനത്ത് തുടരുന്നത്.

പോയിന്റ് പട്ടിക

ടീം, കളി, പോയിന്റ്

ബാഴ്സലോണ 32-69

റയൽ മാഡ്രിഡ് 31-68

അത്‌‌ലറ്റിക്കോ 32-58

സെവിയ്യ 32-54

ഗെറ്റാഫെ 31-49

ബാഴ്സ Vs സെൽറ്റ

ഗോളുകൾ ഇങ്ങനെ

1-0

20-ാം മിനിട്ട്

സുവാരേസ്

പെനാൽറ്റി ഏരിയയ്ക്ക് തൊട്ടടുത്ത് വച്ച് ലഭിച്ച ഫ്രീകിക്ക് നേരിട്ട് വലയിലേക്ക് തൊടുക്കാതെ മെസി സുവാരേസിനെ ലക്ഷ്യമാക്കി ഉയർത്തിവിട്ടു. സുവാരേസ് തകർപ്പൻ ഹെഡറിലൂടെ വല കുലുക്കി.

1-1

50-ാം മിനിട്ട്

സ്മൊളോവ്

ലാഗോ ആസ്‌പാസ് വിംഗിലൂടെ പന്തുമായി മുന്നേറി നൽകിയ പാസ് പിടിച്ചെടുത്ത് സ്മൊളോവിന്റെ ഫിനിഷിംഗ്.

2-1

67-ാം മിനിട്ട്

ലൂയിസ് സുവാരേസ്

സുവാരേസിന്റെ അടുത്ത ഗോളിനും പന്തെത്തിച്ചത് മെസി.

2-2

88-ാം മിനിട്ട്

ലാഗോ ആസ്‌പാസ്

ആദ്യപകുതിയിൽ ബാഴ്സ നേടിയതിന് സമാന പാെസിഷനിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നായിരുന്നു ഇൗ ഗോൾ . എന്നാൽ ആസ്‌പാസ് നേരിട്ട വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

11

ഇൗവർഷം ലാലിഗയിൽ മെസിയുടെ അസിസ്റ്റുകളുടെ എണ്ണം. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഇൗക്കൊല്ലം ഗോളടിക്കാൻ അവസരമൊരുക്കിയവരിൽ മുമ്പനാണ് മെസി.

699

കരിയറിൽ 700 ഗോളുകൾ തികയ്ക്കാനുള്ള മെസിയുടെ ശ്രമം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നടന്നില്ല.