venda

കല്ലമ്പലം : ലോക്ക് ഡൗൺ വിരസത ഒഴിവാക്കാനായി കൃഷി ആരംഭിച്ച ഗൃഹനാഥന്റെ പറമ്പിലെ തോട്ടത്തിൽ വിളഞ്ഞത് ഒരു ഒന്നൊന്നര വെണ്ട. ഏതാണ്ട് ഇരുപത്തിയഞ്ച് ഇഞ്ചാണ് ഇതിന്റെ നീളം. അതായത് രണ്ടടിയിലും അധികം. ആനക്കൊമ്പൻ വെണ്ടയെന്നൊക്കെ പറഞ്ഞ് കർഷകർ കൃഷി ചെയ്യുന്ന വെണ്ട പോലും പരമാവധി 15 മുതൽ 16 ഇഞ്ച് വരെ മാത്രം വലിപ്പം വെയ്ക്കുമ്പോഴാണ് ഈ കർഷകന്റെ തോട്ടത്തിൽ അത്ഭുത വെണ്ട കായ്ച്ചത്. ഈ ചെടിയിലെ മുഴുവൻ വെണ്ടയ്ക്കകളും നല്ല നീളമുള്ളവയാണ്. നാവായിക്കുളം കപ്പാംവിള സുഹൈൽ മൻസിലിൽ സുഹൈൽ (39) കൃഷി ചെയ്ത വെണ്ടകളിൽ ഒന്നിലാണ് അത്യപൂർവ നീളമുള്ള വെണ്ടയ്ക്കകൾ കായ്ച്ചത്. നീളമുള്ള വെണ്ടയ്ക്കയെ കാണാൻ കൃഷിക്കാരടക്കം ഏറെപ്പേരാണ് എത്തുന്നത്. നാട്ടിലിപ്പോൾ സുഹൈലാണ് താരം. സംഗതി അറിഞ്ഞ് പരിശോധനയ്ക്കായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും എത്തി. തൊട്ടയൽപക്കത്തെ വീട്ടിൽ നിന്ന് കൃഷിക്കായി വാങ്ങിയ വെണ്ടകളിൽ ഒന്നാണ് അത്ഭുത വിളവ് നൽകിയതെന്ന് സുഹൈൽ പറഞ്ഞു. വംശനാശം സംഭവിച്ച അപൂർവ്വയിനം വെണ്ടയാണിതെന്ന് നാവായിക്കുളം കൃഷി ഓഫീസർ അറിയിച്ചു. വിത്തുകൾ ശേഖരിച്ച് സൂക്ഷിക്കാൻ കൃഷിവകുപ്പ് അധികൃതർ സുഹൈലിന് നിർദ്ദേശം നല്കി. ഇതിനിടെ ഏറെ പേർ വെണ്ടയുടെ വിത്തുകൾ സുഹൈലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.