d

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്‌.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സഹൽ ഹംസയെ (23) സാക്ഷികൾ തിരിച്ചറിഞ്ഞു. അഭിമന്യുവിനെ കുത്താൻ സഹൽ ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ വേമ്പനാട്ട് കായലിൽ അന്വേഷണ സംഘം തെരച്ചിൽ നടത്തി.
കേസിലെ പ്രധാന സാക്ഷികളിൽ ഏഴുപേരാണ് സഹലിനെ തിരിച്ചറിഞ്ഞത്. എറണാകുളത്തെ പ്രത്യേക കേന്ദ്രത്തിലെത്തിച്ചായിരുന്നു തിരിച്ചറിയൽ പരേഡ്.

ഇന്നലെ രാവിലെ 9.30ന് വെണ്ടുരുത്തി പാലത്തിന് സമീപത്താണ് അഗ്‌നി രക്ഷാസേനയുടെ സ്‌കൂബ ടീമിന്റെ സഹായത്തോടെ പരിശോധിച്ചത്. മെറ്റൽ ഡിറ്റക്ടർ, ടോർച്ച് എന്നിവ ഉപയോഗിച്ച് രണ്ട് മണിക്കൂർ തെരഞ്ഞിട്ടും ആയുധം കണ്ടെടുക്കാനായില്ല. ശക്തമായ ഒഴുക്കും കൂടുതൽ പരിശോധനയ്ക്ക് തടസമായി. എക്കൽ വന്ന് അടിഞ്ഞതിനാൽ ആയുധം കണ്ടെടുക്കാൻ വീണ്ടും പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസി.കമ്മിഷണർ എസ്. ടി. സുരേഷ്‌കുമാർ പറഞ്ഞു. കൊലയ്ക്ക് ശേഷം സഹലും മറ്റ് നാലു പ്രതികളും ഓട്ടോയിൽ കയറി തോപ്പുംപടി ഭാഗത്തേയ്ക്കാണ് പോയത്. വെണ്ടുരുത്തി പാലത്തിലെത്തിയപ്പോൾ ആയുധം കായലിലെറിഞ്ഞെന്നാണ് സാക്ഷി മൊഴി. അഭിമന്യുവിന്റെ രക്തം പുരണ്ട സ്വന്തം വസ്ത്രവും സഹൽ കായലിലേക്ക് എറിഞ്ഞു. ഇക്കാര്യം ചോദ്യം ചെയ്യലിലും സഹൽ പറഞ്ഞതായാണ് സൂചന. ചുള്ളിക്കലിലെത്തിയ സംഘം പലവഴിക്കായി പിരിഞ്ഞു. പിന്നീടാണ് കർണാടകയിലേക്ക് കടന്നത്. ഷിമോഗ, ബംഗ്ളുരൂ, ഏർവാടി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഇതിന് പോപ്പുലർ ഫ്രണ്ടിന്റെ സഹായം ലഭിച്ചു. തോപ്പുംപടിയിലെ പെട്രോൾ പമ്പിലെയും ചുള്ളിക്കലിലെയും സി.സി.ടി.വി കാമറകളിൽ സഹലിന്റെയും മറ്റ് പ്രതികളുടെയും ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. 30 വരെയാണ് കേസിലെ പത്താം പ്രതിയായ സഹലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.