f-a-cup-

ലണ്ടൻ : ക്വാർട്ടർ ഫൈനലുകളിൽ വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സനലും എഫ്.എ കപ്പ് ഫുട്ബാളിന്റെ സെമിഫൈനലിലെത്തി.

കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ 2-1ന് നോർവിച്ച് സിറ്റിയെ കീഴടക്കിയപ്പോൾ ഇന്നലെ നടന്ന മത്സരത്തിൽ ഇതേ സ്കോറിന് ആഴ്സനൽ ഷെഫീൽഡ് യുണൈറ്റഡിനെയാണ് തോൽപ്പിച്ചത്.

നിശ്ചിത സമയത്ത് 1-1ന് സമനിലയിലായിരുന്ന മത്സരത്തിന്റെ അധിക സമയത്ത് ഹാരി മഗ്വെയർ നേടിയ ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവിച്ചിനെ കീഴടക്കിയത്. ഗോൾ രഹിതമായിരുന്ന ആദ്യപകുതിക്ക് ശേഷം 51-ാം മിനിട്ടിൽ ഒഡിയോൻ ഇഗാലുവാണ് മാഞ്ചസ്റ്ററിനായി ആദ്യഗോൾ നേടിയത്. 75-ാം മിനിട്ടിൽ കാണ്ട്‌വെൽ സമനില കണ്ടെത്തിയതോടെ കളി അധിക സമയത്തേക്ക് നീണ്ടു. 118-ാം മിനിട്ടിലാണ് മഗ്വെയർ വിജയഗോൾ നേടിയത്.

ഇന്നലെ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ആഴ്സനൽ വിജയം കണ്ടത്. 25-ാം മിനിട്ടിൽ നിക്കോളാസ് പെപെ പെനാൽറ്റിയിലൂടെ നേടിയ ഗോളിന് ആഴ്സനൽ മുന്നിലെത്തിയിരുന്നു. എന്നാൽ 87-ാം മിനിട്ടിൽ മക്‌ഗോൾഡ്രിക്ക് കളി സമനിലയിലാക്കി അധിക സമയത്തേക്ക് നീളുമെന്ന് തോന്നിപ്പിച്ചെങ്കിലും ഫൈനൽ വിസിലിന് തൊട്ടുമുമ്പ് ഡാനി കബെല്ലേസ് നേടിയ ഗോൾ ആഴ്സനലിന് വിജയം സമ്മാനിക്കുകയായിരുന്നു.