kanjav

ആലുവ: തടിക്കക്കടവ് പാലത്തിൽ കഞ്ചാവ് കൈമാറുന്നതിനിടെ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ആലങ്ങാട് മാളികംപീടിക കൃഷ്ണ ഭവനിൽ ഹരി (23), കരുമാല്ലൂർ തണ്ടിരിക്കൽ പീടികപറമ്പിൽ ഇസ്മായിൽ (30) എന്നിവരാണിവർ. ഒരു കിലോ കഞ്ചാവും പ്രതികളെത്തിയ രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് ചെങ്ങമനാട് സബ് ഇൻസ്‌പെക്ടർ ആർ. രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പാലം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന സജീവമാണെന്ന് നാട്ടുകാരുടെ നിരന്തരം പരാതി ഉണ്ടായിരുന്നു. പല തവണ പൊലിസും എക്‌സൈസും പരിശോധനയ്‌ക്കെത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ഇന്നലെ വൈകീട്ട് കൊവിഡ് ബാധയെ തുടർന്നുള്ള ജാഗ്രതയുടെ ഭാഗമായി പൊലീസ് റോന്ത് ചുറ്റുന്നതിനിടയിലാണ് പാലത്തിന്റെ തെക്ക് അടുവാശ്ശേരി ഭാഗത്ത് സംശയാസ്പദമായ നിലയിൽ രണ്ട് പേരെ കണ്ടത്. ആദ്യം പെരിയാറിൽ മീൻ പിടിക്കാൻ വന്നതാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. ഇരുവരും പരസ്പര വിരുദ്ധമായാണ് മറുപടി പറഞ്ഞത്. തുടർന്ന് ഇവരുടെ വാഹനങ്ങൾ പരിശോധിച്ചപ്പോളാണ് ഇതിൽ നിന്നും 950 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

അഡീഷണൽ എസ്.ഐ പി.ഡി. ബെന്നി, എ.എസ്.ഐമാരായ മാത്യു ജോർജ്, സുരേഷ് എന്നിവരും എസ്.ഐയോടോപ്പം ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.