d

കാസർകോട് : കാസർകോട്ടെ മൂന്ന് ഹോട്ടലുകൾ ഒരാഴ്ചത്തേക്ക് അടച്ചു പൂട്ടി അണുവിമുക്തമാക്കാൻ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ഉത്തരവിട്ടു. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് നടപടി. കണ്ണൂർ വിമാനത്താവളത്തിലിറങ്ങി കർണാടകയിലെ മംഗലാപുരത്തേക്ക് പോകേണ്ട ഇതരസംസ്ഥാനക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കാസർകോട് താമസിപ്പിച്ച പഴയ ബസ് സ്റ്റാൻഡിൽ ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള ദേര സിറ്റി ഹോട്ടൽ, എമിറേറ്റ്സ് ഹോട്ടൽ, കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ സെഞ്ച്വറി പാർക്ക് ഹോട്ടൽ എന്നിവയാണ് ഏഴു ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവായത്. ആരോഗ്യ വകുപ്പിനെയോ മറ്റ് ബന്ധപ്പെട്ടവരെയോ അറിയിക്കാതെയാണ് ഇവർ ഹോട്ടലിൽ താമസിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

149 പേരെയാണ് അനുമതി ഇല്ലാതെ ഇവിടെ പാർപ്പിച്ചിരുന്നത്. സന്നദ്ധ സംഘടന ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവന്ന പ്രവാസികൾ കയറിയ വിമാനത്തിന് മംഗളുരു വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി കിട്ടിയിരുന്നില്ല. ഇതേ തുടർന്ന് കണ്ണൂരിൽ ഇറക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം ഹർഷാദ് വോർക്കാടി, ഗോൾഡൻ അബ്ദുൾ റഹ്‌മാൻ എന്നിവർ ഇടപെട്ടു കാസർകോട് തഹസിൽദാറെ ബന്ധപ്പെട്ടാണ് ലോഡ്ജുകളിൽ തമാസ സൗകര്യം ഒരുക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കാസർകോട് ടൗണിലെ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം ജില്ലാ പൊലീസ് ചീഫ് ഡി. ശില്പയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. എസ്.പി ജില്ലാ കളക്ടറെ അറിയിച്ചതു പ്രകാരമാണ് നടപടി.