തുടർച്ചയായ എട്ടാം സീസണിലും ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബാൾ കിരീടം സ്വന്തമാക്കി ബയേൺ മ്യൂണിക് ചരിത്രമെഴുതി.
30-ാം തവണയാണ് ബയേൺ ജർമ്മൻ ചാമ്പ്യൻമാരാകുന്നത്. മറ്റൊരു ക്ളബും ഇത്രയേറെ തവണ ചാമ്പ്യൻസായിട്ടില്ല.
കഴിഞ്ഞ രാത്രി നടന്ന അവസാന മത്സരത്തിൽ വോൾവ്സ് ബർഗിനെ 4-0ത്തിന് കീഴടക്കിയശേഷമാണ് ബയേൺ കിരീടമേറ്റുവാങ്ങിയത്.
34 മത്സരങ്ങളിൽ നിന്ന് 82 പോയിന്റ് നേടിയാണ് ബയേൺ ഇക്കുറി ജേതാക്കളായത്. 26 മത്സരങ്ങളിൽ വിജയിച്ച ബയേൺ നാലുവീതം കളികളിൽ തോൽക്കുകയും സമനില വഴങ്ങുകയും ചെയ്തു.
100 ഗോളുകളാണ് ബയേൺ ഇക്കുറി അടിച്ചുകൂട്ടിയത്. വഴങ്ങിയത് വെറും 32 എണ്ണം മാത്രം. ഏറ്റവും കൂടുതൽ ഗോളടിച്ചതും ഏറ്റവും കുറച്ച് വഴങ്ങിയതും ബയേൺ.
34 ഗോളുകൾ നേടിയ പോളണ്ടുകാരൻ റോബർട്ടോ ലെവാൻഡോവ്സ്കിയാണ് ബയേണിന്റെ ടോപ് സ്കോറർ. ബയേണിനായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന വിദേശതാരവും ലെവാൻ ഡോവ്‌സ്കിയാണ്.
21 അസിസ്റ്റുകളുമായി ബയേൺ താരം തോമസ് മുള്ളർ ബുണ്ടസ് ലിഗയിൽ പുതിയ റെക്കാഡ് കുറിച്ചു.
9 കളികളിലാണ് ബയേൺ ലോക്ക്ഡൗണിന് ശേഷം വിജയം കണ്ടത്. ലോക്ക് ഡൗണിന് ശേഷം ഒറ്റക്കളിപോലും തോറ്റില്ല.
1930-31,1968-69,1971-72,1972-73,1973-74,1979-80, 1980-81, 1984-85, 1985-86, 1986-87, 1988-89, 1989-90, 1993-94, 1996-97, 1998-99, 1999-2000, 2000-01, 2002-03, 2004-05, 2005-06, 2007-08, 2009-10, 2012-13, 2013-14, 2014-15, 2015-16, 2016-17, 2017-18, 2018-19, 2019-20.
സീസണുകളിലാണ് ബയേൺ ജർമ്മൻ ചാമ്പ്യൻമാരായിരിക്കുന്നത്.
ജർമ്മൻ മോഡൽ
കൊവിഡ് ലോക്ക് ഡൗണിന് ശേഷം ആദ്യം മത്സരങ്ങൾ പുനരാരംഭിച്ചത് ജർമ്മനിയിലായിരുന്നു. ബുണ്ടസ് ലിഗയിൽ ആവിഷ്കരിച്ച കൊവിഡ് പ്രതിരോധ മാർഗങ്ങൾ മറ്റ് രാജ്യങ്ങളിൽ മാതൃകയായി.
മേയ് 16 നാണ് ലീഗ് പുനരാരംഭിച്ചത്. 41 ദിവസംകൊണ്ടാണ് 82 മത്സരങ്ങൾ പൂർത്തിയാക്കിയത്. ലോകത്ത് ഫുട്ബാൾ പുനരാരംഭിക്കുവാൻ കഴിയുമോ എന്ന് സംശയിച്ചുനിന്നപ്പോൾ ധൈര്യമായി മുന്നോട്ടുവരികയായിരുന്നു ജർമ്മൻ ഫുട്ബാൾ അസോസിയേഷൻ. കാണികളെ ഒഴിവാക്കിയും കളിക്കാരെയും താരങ്ങളെയും സ്റ്റാഫുകളെയും ടെസ്റ്റിന് വിധേയരാക്കിയും ബുണ്ടസ് ലിഗ നടപ്പിലാക്കിയ കൊവിഡാനന്തര ഫുട്ബാളിന്റെ പ്രോട്ടോക്കോളാണ് സ്‌പെയ്ൻ, ഇറ്റലി, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങൾ മാതൃകയാക്കിയത്.