amal-new

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക പ്രവൃത്തികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ കോഴിക്കോട് മുക്കം കല്ലുരുട്ടി കൊക്കപ്പിള്ളിയിൽ അമൽ റോയിയെ (22) ഇൻഫർമേഷൻ ടെക്നോളജി ആക്ട‌് പ്രകാരം എറണാകുളം സെൻട്രൽ പൊലീസ് അറസ്‌റ്റു ചെയ്‌തു.

എറണാകുളം ഇയ്യാട്ട്മുക്കിലെ ഹോസ്റ്റൽ നടത്തിപ്പുകാരനായ ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. മൊബൈൽ ഫോണിൽ നിന്ന് ഇത്തരം ഫോട്ടോകളും വീഡിയോകളും കണ്ടെടുത്തു. ഫോണിലുണ്ടായിരുന്ന പ്ലസ് എന്ന ആപ്ലിക്കേഷനിലെ പല ഗ്രൂപ്പുകളും കുട്ടികളുടെ അശ്ലീല വീഡിയോകൾ മാത്രം പ്രചരിപ്പിക്കുന്നതിനുള്ള ഗ്രൂപ്പുകളാണെന്ന് കണ്ടെത്തി.
പോൺ വീഡിയോകൾ പ്രചരിപ്പിക്കുന്ന നിരവധി പ്ലസ്, ടെലിഗ്രാം, വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും അമൽ അംഗമാണ്. ഇയാൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് വരുന്നു. സമാന രീതിയിലെ മറ്റ് ഗ്രൂപ്പുകളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. പിടിച്ചെടുത്ത ഫോൺ ഫോറൻസിക് ലാബിൽ വിദഗ്ദ്ധ പരിശോധന നടത്തും.കൊച്ചി സൈബർ ഡോമിന്റെയും, കൊച്ചി സിറ്റി സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് അന്വേഷണം. സെൻട്രൽ ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ, എസ്.ഐമാരായ വിപിൻ കുമാർ, തോമസ് കെ.എക്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.