തിരുവനന്തപുരം: നഗരത്തിൽ ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയ ഒരാൾക്കെതിരെ ഇന്നലെ കേസെടുത്തു. നാഗർകോവിലിൽ നിന്നെത്തി മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്വാറന്റൈനിൽ കഴിഞ്ഞുവന്നയാളാണിത്. ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി കണ്ണേറ്റുമുക്ക് ഇലങ്കം ലെയ്‌നിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പുറത്തിറങ്ങി സഞ്ചരിക്കുന്നതായി കണ്ടെത്തിയത്. എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് അനുസരിച്ച് ഇയാൾക്കെതിരെ കേസെടുത്തു. 15 പേർക്കെതിരെയാണ് ഇതുവരെ തലസ്ഥാനത്ത് ക്വാറന്റൈൻ ലംഘിച്ചതിന് കേസെടുത്തത്. കണ്ടെയ്ൻമെന്റ് സോണായ ആറ്റുകാലിൽ പൊലീസ് ബാരിക്കേഡിന് ഇടയിലൂടെ അകത്ത് പ്രവേശിച്ച കണ്ണൂർ പയ്യന്നൂർ സ്വദേശികളായ രണ്ടുപേർക്കെതിരെയും ഇന്നലെ ഫോർട്ട് പൊലീസ് കേസെടുത്തു. വിലക്ക് ലംഘിച്ച 81 പേർക്കെതിരെയും മാർഗനിർദ്ദേശങ്ങൾ പാലിക്കാത്ത 44 വാഹനങ്ങൾക്കെതിരെയും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 163 പേർക്കെതിരെയും കേസെടുത്തു.