തിരുവനന്തപുരം: ഉറവിടം കണ്ടെത്താൻ കഴിയാത്ത കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ കൊവിഡ് പരിശോധന ഊർജ്ജിതമാക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. പരിശോധനാഫലങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും നടപടിയുണ്ടാകണം. മണിക്കൂറുകൾക്കുള്ളിൽ ലഭിക്കേണ്ട പരിശോധനാഫലങ്ങൾക്കായി ഇപ്പോൾ ദിവസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. ഇത് സാമൂഹിക വ്യാപനത്തിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും 24 മണിക്കൂറും കൊവിഡ് പരിശോധന സംവിധാനം സജ്ജമാക്കണമെന്നും രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ഉറപ്പുവരുത്തുന്നതിനായി മൈക്രോ കണ്ടെയ്ൻമെന്റ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുകയും വേണം. കേരള സർവകലാശാല നടത്തുന്ന മുഴുവൻ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.