ദുബായ്: ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വീണ്ടും കൂടുന്നു. യു.എ.ഇയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 313 ആയി. 437 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 47,797 കടന്നു. 36411 പേർക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 76 ശതമാനമാണ്. സൗദിയിൽ 24 മണിക്കൂറിനിടയിൽ 40 പേരാണ് മരിച്ചത്. ബഹ്റൈനിൽ അഞ്ചും ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നാലും മൂന്നും വീതവുമാണ് മരണം. യു.എ.ഇയിൽ രണ്ട് മരണമാണ് രേഖപ്പെടുത്തിയത്. സൗദിയിൽ പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം 3989 ആയി.
കഴിഞ്ഞയാഴ്‌ചയോടെ ലോക്ക്ഡൗൺ പലയിടങ്ങളിലും ഇളവ് വരുത്തിയതോടെ ആളുകൾ ഷോപ്പിംഗ് മാളുകളിലും പാർക്കിലും പുറത്തിറങ്ങുന്നത് വർദ്ധിച്ചിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കാത്തത് രോഗവ്യാപനമുണ്ടാക്കുന്നുണ്ട്. ഓരോ ദിവസം കൂടുംതോറും രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കാത്തവർക്കെതിരെ ശക്തമായ പിഴ ഉൾപ്പടെ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.