കല്ലമ്പലം: കപ്പാംവിളയിൽ കുടവൂർ വില്ലേജാഫീസിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ മുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ബെയ്സ്‌മെന്റ് പൂർത്തിയാക്കി തുടർ നിർമ്മാണങ്ങൾ നീണ്ടുപോയതുമൂലം പുല്ല് മുളച്ച സ്ഥലത്തെപ്പറ്റി കഴിഞ്ഞ 10 ന് 'നിർമ്മാണം പാതിവഴിയിൽ വില്ലേജാഫീസ് കെട്ടിടം വരുമോ' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അഡ്വ. വി. ജോയി എം.എൽ.എയുടെ നിർദ്ദേശപ്രകാരം പണി പുനരാരംഭിക്കുകയായിരുന്നു. ഉടൻ നിർമ്മാണം പൂർത്തിയാക്കുമെന്ന് എം.എൽ.എ പറഞ്ഞു.
കാലപ്പഴക്കവും, നിർമ്മാണത്തിലെ അപാകതയും മൂലം സീലിംഗ് അടർന്നു വീണ് പലർക്കും പരിക്കേൽക്കുകയും ജീവനക്കാർ ഹെൽമെറ്റ് ധരിച്ച് ജോലി ചെയ്യേണ്ട സാഹചര്യവും ആസന്നമായതോടെയാണ് പഴയ കെട്ടിടം പൊളിച്ച് അതെ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനമായത്. 2020 മാർച്ചിൽ കെട്ടിടത്തിന്റെ പണി പൂർത്തിയാകുമെന്നാണ് ജില്ലാ കലക്ടർ പറഞ്ഞിരുന്നത്. എന്നാൽ വെറും ബെയ്സ്‌മെന്റ് മാത്രമാണ് പൂർത്തിയാക്കിയിരുന്നത്. കൊവിഡും ലോക്ക് ഡൗണും മൂലം തൊഴിലാളികൾ ജോലിക്ക് വരാതായതോടെ കരാറുകാരൻ പണി നിറുത്തി സ്ഥലം വിടുകയായിരുന്നു. പത്ര വാർത്തയും എം.എൽ.എയുടെ ഇടപെടലും വീണ്ടും പണി തുടരാൻ കാരണമായി. അസൗകര്യങ്ങളുടെ നടുവിൽ വാടകക്കെട്ടിടത്തിലാണ് നിലവിൽ വില്ലേജാേഫീസ് പ്രവർത്തിക്കുന്നത്.