shamna-kasim

കൊച്ചി: കൊച്ചി ബ്ലാക്ക്മെയിൽ കേസിൽ അന്വേഷണം തൃപ്‍തികരമെന്ന് ഷംനയുടെ അമ്മ റൗലാബി. കൂടുതൽ പേർ സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും റൗലാബി പറഞ്ഞു. പ്രതികൾക്ക് ഷംനയുടെ നമ്പർ എങ്ങനെ കിട്ടിയെന്നത് ദുരൂഹമാണ്. തട്ടിപ്പ് സംഘത്തിന് പിന്നിൽ ഇടനിലക്കാരുണ്ടോയെന്ന് അറിയില്ല. സിനിമാ മേഖലയിലുള്ളവർ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നില്ല. പൊലീസ് അന്വേഷണത്തിൽ വ്യക്തത പ്രതീക്ഷിക്കുന്നതായും റൗലാബി മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ബ്ലാക്ക്മെയിലിംഗ് കേസിൽ പരാതി പിൻവലിക്കാൻ യുവതികളെ പ്രതികൾ സമ്മർദ്ദം ചെലുത്തുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷംന ഇന്ന് കൊച്ചിയിലെത്തും. ക്വാറന്റീനിൽ ആയിരിക്കും എന്നതിനാൽ ഓൺലൈൻ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാവും.

അങ്ങനെയെങ്കിൽ പ്രതികളെ ഷംനയുടെ മരടിലെ വീട്ടിലെത്തിക്കും. പെൺകുട്ടികളെ പൂട്ടിയിട്ട് സ്വർണവും പണവും തട്ടിയെടുത്തതിന് പ്രതികൾക്കെതിരെ മൂന്ന് കേസുകൾ കൂടി പൊലീസ് ചാർജ് ചെയ്‌തിട്ടുണ്ട്. ആൾമാറാട്ടം നടത്തി വിവാഹ അഭ്യർത്ഥനയുമായി സമീപിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു തുടങ്ങി ഷംന കാസിം നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമാണ്. മുഖ്യപ്രതി റഫീഖ് അടക്കം ഏഴുപേർ ഇതുവരെ പിടിയിലായി. അതിനിടയിലാണ് പരാതികാരിയായ ഷംന ഇന്ന് ഹൈദരാബാദിൽ നിന്ന് കൊച്ചിയിൽ എത്തുന്നത്.

അതേസമയം സംഭവത്തിൽ ഉൾപ്പെട്ട ഹെയർ സ്റ്റൈലൈസ്‌റ്റിനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ഇയാൾ വഴി പ്രതികൾക്ക് സിനിമ മേഖലയുമായി ബന്ധം ഉണ്ടെന്നാണ് സൂചന. പ്രതികൾ തട്ടിപ്പിന് ഇരയാക്കിയ പതിനെട്ട് പെൺകുട്ടികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.