1

പൂവാർ: ബീച്ചുകളിലെത്തുന്ന ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി നിയമിച്ചിട്ടുള്ള ലൈഫ്ഗാർഡുകളുടെ ലൈഫിനും സുരക്ഷിതത്വം വേണമെന്ന് ആവശ്യം. ആഞ്ഞടിക്കുന്ന തിരമാലകളെ അതിജീവിച്ച് കടലിൽ അകപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്ന ലൈഫ്ഗാർഡുകൾക്ക് നൽകിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ പര്യാപ്തമല്ലെന്നാണ് പരാതി. വിശ്രമിക്കാനായി ഒരു കുട, രണ്ട് കസേര, ജീവൻ രക്ഷിക്കാൻ ഒരു ലൈഫ് ബോയ, ഒരു റസ്ക്യൂ ട്യൂബ് ഇത്രയുമാണ് ഇവർക്ക് ഡിപ്പാർട്ട്മെന്റ് നൽകിയിട്ടുള്ള ഉപകരണങ്ങൾ.

ആധുനിക രീതിയിലുള്ള ലൈഫ് ബോയ, ലൈഫ് ജാക്കറ്റ്, കൈ കൊണ്ട് തുഴയുന്ന സർഫാൻ, റസ്ക്യൂ ബോർഡ്, മുന്നറിയിപ്പ് ബോർഡ്, ചെറിയ മോട്ടോർ ബോട്ട് എന്നിവ ഉറപ്പുവരുത്തണമെന്നാണ് ലൈഫ് ഗാർഡുമാരുടെ ആവശ്യം. പൂവാറിൽ ഒരു ദിവസം 3 പേരാണ് ഡ്യൂട്ടിയിലുണ്ടാവുക. ഇപ്പോൾ കൊവിഡ് ഭീതിയിൽ തിരക്കില്ലാത്തതിനാൽ 2 പേർ മാത്രം. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് ജോലിസമയം. ഇതിനിടയിൽ ഒന്ന് വിശ്രമിക്കാനോ, പ്രാധമികകർമ്മങ്ങൾക്കോ പോലും സൗകര്യമുള്ള ഒരിടം ഇവിടെയില്ല. ടാർപ്പോളിനും തടിക്കഷ്ണങ്ങൾ കൊണ്ടും താത്കാലിക ഷെഡ് നിർമ്മിച്ചാണ് അവർ വിശ്രമിക്കുന്നത്. ദിവസ വേതനക്കാരായ ഇവരിൽ നിന്നും 6 ദിവസത്തെ ശമ്പളം കൊവിഡ് ദുരിതാശ്വാസത്തിനായി പിടിക്കുന്നുണ്ട്. ഇൻഷ്വറൻസ്, പ്രോവിഡന്റ്ഫണ്ട്, ഗ്രാറ്റുവിറ്റി, ഇ.എസ്.ഐ തുടങ്ങിയ ആനുകൂല്യങ്ങൾക്ക് അർഹരല്ലാത്ത ഇവരിൽ നിന്ന് തിരുവനന്തപുരം കോർപറേഷൻ തൊഴിൽ കരം അടയ്ക്കാൻ നോട്ടീസും നൽകിയിരിക്കുകയാണ്. കഴിഞ്ഞവർഷം ശംഖുംമുഖത്ത് യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജോൺസൺ എന്ന ലൈഫ്ഗാർഡ് മുങ്ങി മരിച്ചപ്പോൾ ഇവർക്ക് ഇൻഷ്വറൻസ് ഉറപ്പാക്കുമെന്ന് പറഞ്ഞത് ജലരേഖയായി തുടരുകയാണ്. ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.

ഇപ്പോഴും ദിവസവേതനക്കാർ

സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിന് കീഴിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ദിവസ വേതനാടിസ്ഥാനത്തിൽ ലൈഫ്ഗാർഡുകളെ നിയമിച്ചിട്ടുള്ളത്. എഴുത്തുപരീക്ഷ, ശാരീരിക ക്ഷമത, മെഡിക്കൽ പരിശോധന, പ്രത്യേക പരിശീലനം എന്നിവ നടത്തിയാണ് നിയമിച്ചത്. വേളി, ശംഖുംമുഖം, കോവളം, പൂവാർ എന്നീ ബീച്ചുകളിലായി 58 ലൈഫ് ഗാർഡുകളാണ് നിലവിലുള്ളത്. 32 വർഷം പൂർത്തിയാക്കിയ ലൈഫ്ഗാർഡുകളും ഇക്കൂട്ടത്തിലുണ്ട്.

സ്ഥിരം ജീവനക്കാരാക്കണമെന്ന് ആവശ്യം

ജോലിക്കും ജീവനും സുരക്ഷയില്ല

ഇൻഷ്വറൻസ് ആനുകൂല്യം പോലുമില്ല

ലൈഫ്ഗാർഡുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങൾ സമയബന്ധിതമായി ചെയ്തു വരുന്നുണ്ട്. പ്രേം ബാസ്, ഇൻഫർമേഷൻ ഓഫീസർ

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ

ദിവസവേതനം - 715 രൂപ

ഡ്യൂട്ടി സമയം 12 മണിക്കൂർ