a-k-saseendran

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് അഴിമതി ആരോപണം നടത്തിയ ഇ-മൊബിലിറ്റി പദ്ധതിയിൽ വിശദീകരണവുമായി ഗതാഗതവകുപ്പ്. ഇ–മൊബിലിറ്റി പദ്ധതിയിൽ കൺസൾട്ടൻസി കരാർ നൽകിയത് ചട്ടപ്രകാരമെന്നാണ് ഗതാഗത വകുപ്പിന്റെ വിശദീകരണം. കേന്ദ്രം എംപാനൽ ചെയ്യുന്ന കമ്പനിക്ക് ടെൻഡർ ഇല്ലാതെ കരാർ നൽകാം. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സുമായി ധാരണപത്രമില്ല. കമ്പനിക്ക് നിരോധനവുമില്ല. 80 ലക്ഷമാണ് ഫീസെങ്കിലും ഇതുവരെ ഒന്നും നൽകിയിട്ടില്ലെന്നും ഗതാഗതവകുപ്പ് വ്യക്തമാക്കി.

4500 കോടി രൂപ മുടക്കി മൂവായിരം ഇലക്‌ട്രിസിറ്റി ബസ് വാങ്ങാനുള്ള സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിക്കെതിരെ പ്രതിപക്ഷ നേതാവ് ഇന്നലെ അഴിമതി ആരോപണം നടത്തിയിരുന്നു. പദ്ധതിക്കായി കൺസൾട്ടൻസി ഏൽപ്പിച്ച ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കൺസൾട്ടന്റ് എന്ന കമ്പനി രണ്ട് വർഷത്തേക്ക് സെബി നിരോധിച്ച കമ്പനിയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രി നേരിട്ടാണ് കൺസൾട്ടൻസിക്കായി കരാർ ഏൽപ്പിച്ചത്. സത്യം കുംഭകോണം ഉൾപ്പെടെ ഒമ്പത് കേസുകളാണ് ഈ കമ്പനി നേരിടുന്നത്. ടെൻഡർ വിളിക്കാതെയാണ് കമ്പനിക്ക് കരാർ ഏൽപ്പിച്ചത്. 2017 മുതൽ കേരളം കമ്പനിക്ക് കരാർ നൽകുന്നതായും ചെന്നിത്തല ആരോപിച്ചിരുന്നു.

പ്രതിപക്ഷ നേതാവിന്റെ അഴിമതി ആരോപണത്തിന് ശേഷം വാർത്തസമ്മേളനം നടത്തിയ ഗതാഗതമന്ത്രി ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിരുന്നില്ല. ഫയൽ പരിശോധിച്ച ശേഷം കൃത്യമായ മറുപടി നൽകാമെന്നായിരുന്നു ഗതാഗത മന്ത്രി പറഞ്ഞത്. ശേഷമാണ് ഇന്ന് രാവിലെ വിശദീകരണവുമായി ഗതാഗത വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.