തിരുവനന്തപുരം: ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് നെടുമങ്ങാട്ട് കുടുംബത്തെ വീടുകയറി ആക്രമിച്ചു. സ്ത്രീകളും പിഞ്ചുകുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങൾക്ക് നേരെ ആയിരുന്നു ആറംഗ അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വഞ്ചുവം സ്വദേശി ഷെഹിൻഷായ്ക്കാണ് മർദ്ദനമേറ്റത്.സംഭവത്തിൽ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി നെടുമങ്ങാട് പൊലീസ് അറിയിച്ചു.
ഷെഹിൻ ഷായും കുടുംബവും ചെറുവേലിയിലെ ബന്ധു വീട്ടിലേക്ക് പോകവേ എതിരെ ബൈക്കിൽ വന്ന യുവാക്കൾക്ക് സൈഡ് നൽകിയില്ല എന്നതാണ് പ്രകോപനത്തിന് കാരണം.വഴിയിൽ വാഹനം തടഞ്ഞുനിറുത്തിയ സംഘം കുടുംബത്തിന് നേരെ അക്രമം നടത്തി. കുട്ടികളും സ്ത്രീകളും അടങ്ങുന്ന കുടുംബാംഗങ്ങൾ തൊട്ടടുത്ത ബന്ധുവീട്ടിൽ ഓടിക്കയറിയെങ്കിലും പിന്നാലെ എത്തിയ സംഘം അവിടെയും അക്രമം അഴിച്ചു വിടുകയായിരുന്നു. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയതായി നെടുമങ്ങാട് പൊലീസ് അറിയിച്ചു.