mullappalli-ramachandran

കെ.പി.സി.സി പ്രസിഡന്റ് കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ വി.എസ്. രാജേഷിനോട് പറഞ്ഞ കാര്യങ്ങളുടെ പ്രസക്തഭാഗങ്ങൾ -

ശൈലജക്കെതിരായ വാദത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണോ?

വിവാദങ്ങളുടെ പിന്നാലെ പോകാറില്ല. വസ്തുനിഷ്ഠമായി പറയുന്ന കാര്യങ്ങൾ ചിലർക്ക് വിവാദമായി തോന്നുന്നതാകും. ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. അതിൽ ഏതെങ്കിലും തരത്തിൽ സ്‌ത്രീ വിദ്വേഷപരമായ പരാമർശമോ, വ്യക്തിപരമായിട്ടുള്ള അധിക്ഷേപമോ ഉണ്ടായിട്ടില്ല. അങ്ങനെ വ്യാഖ്യാനിക്കരുത്.

കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ കേരളത്തിലെ ജനങ്ങൾ കാണുന്നത്. താങ്കളാകട്ടെ സംശുദ്ധമായ രാഷ്ട്രീയ പാരമ്പര്യത്തിനുടമയുമാണ്. ഈ വിവാദം താങ്കളെ ഇഷ്ടപ്പെടുന്നവരിൽ അസ്വസ്ഥത ഉണ്ടാക്കിയില്ലേ?

1984ൽ കണ്ണൂരിൽ സ്ഥാനാർത്ഥിയായി വരുന്ന കാലം മുതൽ എനിക്ക് ശൈലജയെ അറിയാം. ദീർഘവർഷത്തെ ബന്ധമുണ്ട്. അവർ മഹിളാ അസോസിയേഷന്റെ പ്രവർത്തകയാണ്. അവരുടെ പ്രധാന പ്രവർത്തനമണ്ഡലം അക്കാലത്ത് കണ്ണൂരിലായിരുന്നു. ഞാൻ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോഴും അവരുമായിട്ടുള്ള വ്യക്തിബന്ധം സുദൃഢമായിരുന്നു. അത്രമാത്രം ഊഷ്മളമായിരുന്നു. ഞാനൊരു സഹോദരിയെപ്പോലെ മാത്രമേ എക്കാലത്തും കണ്ടിട്ടുള്ളൂ. അവർ മന്ത്രിയായി അധികാരമേറ്റയുടനെയായിരുന്നു അവരുടെ കുടുംബത്തിലൊരു മരണമുണ്ടായത്. അത് കേട്ടറിഞ്ഞയുടനെ ഞാൻ ഡൽഹിയിൽ നിന്നാണ് ഓടിയെത്തിയത്. അവരും കുടുംബവും എന്നെ കാത്തിരിക്കുകയായിരുന്നു. അതവർക്ക് അറിയാം. ആ സൗഹൃദവും ഓർത്തെടുക്കാറുണ്ട്. ആദ്യമായി അവർ മന്ത്രിയായശേഷം ഡൽഹിയിലേക്കുള്ള യാത്രയിൽ ഞങ്ങൾ ഒരുമിച്ചാണ് പോയത്. ഒരു തരത്തിൽപ്പോലും ഞങ്ങൾ തമ്മിൽ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളില്ല. രാഷ്ട്രീയമായ നിലപാട് എനിക്കുണ്ട്. അവർക്കും അവരുടെ രാഷ്ട്രീയ നിലപാടുണ്ട്. അതിൽക്കവിഞ്ഞ് സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ ഞാൻ എന്നും മുൻപന്തിയിലായിരുന്നു.

രാഷ്ട്രീയ നിലപാട് എടുക്കുന്നതിൽ തെറ്റില്ലെങ്കിലും നിപ്പ രാജകുമാരിയെന്നും കൊവിഡ് റാണിയെന്നും വിശേഷിപ്പിച്ചത് ഒഴിവാക്കേണ്ടതായിരുന്നില്ലേ?

അന്ന് അത്തരമൊരു പരാമർശം നടത്തിയ സാഹചര്യം മനസിലാക്കണം. അതൊരിക്കലും കരുതിക്കൂട്ടി നടത്തിയ ഒരു പരാമർശമായിരുന്നില്ല.പ്രവാസികൾക്കു വേണ്ടി , കോൺഗ്രസ് നടത്തിയ സമരങ്ങളുടെ തുടർച്ചയെന്ന നിലയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ആ പരിപാടി നടത്തിയത്. എം.കെ. മുനീറായിരുന്നു അദ്ധ്യക്ഷൻ.മുനീർ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ചില കാര്യങ്ങൾ പറ‌ഞ്ഞു.ഇത്തരം ദുരന്ത ഘട്ടങ്ങളിൽപ്പോലും രാഷ്ട്രീയ നേട്ടത്തിനു ശ്രമിക്കുന്ന സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും കുറിച്ച് മുനീർ പറയുകയുണ്ടായി.അപ്പോൾ കാഷ്വലായിട്ടാണ് ഞാൻ പറഞ്ഞത്.നിപ്പയുടെ കാലത്ത് എന്താണ് നടന്നതെന്ന് എനിക്കറിയാം. അന്ന് ജനങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കുന്ന വിധം പ്രവർത്തിച്ചത് ഒരുകൂട്ടം ഡോക്ടർമാരാണ്.നഴ്സ്മാരാണ്,ആശാവർക്കർമാരാണ്.അവരാണ് റിയൽ ഹീറോസ്.

ഇവർക്കൊക്കെ നേതൃത്വം നൽകുന്ന സർക്കാരിനും ആരോഗ്യമന്ത്രിക്കും പങ്കില്ലെ?

ഞാൻ ആരോഗ്യമന്ത്രിയുടെ പ്രവർത്തനമൊന്നും ചെറുതാക്കി കാണാറില്ല.സ്വന്തം പരിമിതികൾക്കുള്ളിലാണെങ്കിലും സദാസമയവും കഠിനാദ്ധ്വാനിയായി പ്രവർത്തിക്കുന്നയാളാണ് ശൈലജ.കൊവിഡ് ഉണ്ടാകുന്നതിനു മുമ്പും ജനങ്ങളെ ആകർഷിക്കും വിധം നല്ല രീതിയിൽ പെരുമാറുന്ന മന്ത്രിയാണ് ശൈലജ. ഒന്നുമല്ലെങ്കിലും ഹൃദ്യമായി ചിരിക്കാൻ അറിയാം. ചിരിക്കാത്ത ധാർഷ്ട്യമുള്ള നേതാക്കളാണ് സി.പി.എമ്മിൽ കൂടുതൽ.അതിലൊരു വിഭിന്ന മുഖം അവർക്കുണ്ട്.ഞാനെന്നും സഹോദരിയായിട്ടേ ശൈലജയെ കണ്ടിട്ടുള്ളു.തിരിച്ചും സഹോദര നിർവിശേഷമായ സ്നേഹമാണ് എന്നോടുമുള്ളത്.നിപ്പയെക്കുറിച്ചൊരു പശ്ചാത്തലം കൂടി പറയണം.2018 മേയിൽ എന്റെ നിയോജക മണ്ഡലമായ വടകരയിലെ പേരാമ്പ്രയിൽ ചങ്ങരോത്ത് പഞ്ചായത്തിലാണ് നിപ്പ പൊട്ടിപ്പുറപ്പെട്ടത്.അവിടെ ജനപ്രതിനിധിയെന്ന നിലയിൽ ഞാനാണ് ആദ്യം യോഗം വിളിച്ചു ചേർത്തത്.ആ യോഗത്തിൽ പങ്കെടുക്കാൻ സി.പി.എം ജില്ലാ സെക്രട്ടറി മോഹനൻ വന്നിരുന്നു.നിപ്പ എന്ന മാരകരോഗം അവസാനിക്കുന്നതുവരെ ആരോഗ്യ മന്ത്രി അവിടേക്ക് വന്നില്ല.തദ്ദേശവാസിയായ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ വന്നില്ല.ട്രാൻസ്പോർട്ട് മന്ത്രി വന്നില്ല.ഇവരെ മൂന്നുപേരെയുമാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നത്.കളക്ടറേറ്റിലിരുന്ന് മോണിട്ടർ ചെയ്തിട്ടുണ്ടാകാം.പക്ഷേ ജനങ്ങൾക്ക് ആത്മവിശ്വാസം പകരാൻ വരേണ്ടതല്ലേ.ഇതു പറയുമ്പോൾ ഇല്ലാത്ത ഒരു മേനി നടിക്കൽ ശ്രമം ഉണ്ടാകുന്നതായി കേരളത്തിലെ പൊതു സമൂഹത്തിൽ അഭിപ്രായമുണ്ടായിരുന്നു.ബിബി.സി ലേഖിക ഇവിടെ വരാതെ കണ്ടതുപോലെയാണ്എഴുതിയത്.ഗാർഡിയന്റെ ലേഖിക സ്പിന്നി റോക്ക് സ്റ്റാർ എന്നാണ് പറ‌ഞ്ഞത്.

കാര്യങ്ങൾ വേഗത്തിലും ചടുലമായും ചെയ്യുന്നുവെന്ന അർത്ഥത്തിലല്ലേ അവർ പറ‌ഞ്ഞത്?ആ വാക്ക് താങ്കൾ തെറ്റിദ്ധരിച്ചതാണോ?

വാക്കൊന്നും ഞാൻ തെറ്റിദ്ധരിച്ചില്ല.ഞാൻ അത്ര ഒരു വിഡ്ഢിയല്ലെന്ന് താങ്കൾക്കറിയില്ലേ.റോക്ക് സ്റ്റാർ എന്നത് എനിക്കു നന്നായിട്ടറിയാം.സത്യത്തിൽ പറ‌ഞ്ഞാൽ ഇത്തിരി നർമ്മബോധത്തോടെ ‌ഞാൻ പറ‌ഞ്ഞതാണ്.റോക്ക് സ്റ്റാറും സംഗീതവും എനിക്കറിയില്ലെന്ന് സരസമായി പറ‌ഞ്ഞുപോയതാണ്.അതിനു മറുപടിയായി അടുത്ത ദിവസം മുഖ്യമന്ത്രി പറ‌ഞ്ഞതെന്താണ്.റോക്കിംഗ് സ്റ്റാർ.പക്ഷേ ആരും തെറ്റ് ചൂണ്ടിക്കാട്ടിയല്ല.ഒരു മാധ്യമക്കാരും അത് ചോദിച്ചില്ല.ഞാൻ സരസമായി കമന്റ് ചെയ്തത് വളച്ചൊടിച്ചവർ കമാ എന്നൊരു അക്ഷരം മിണ്ടിയില്ല.

എന്നാൽ കോൺഗ്രസിനെ പതിവായി പിന്തുണയ്ക്കുന്ന ചില കേന്ദ്രങ്ങൾ ഈ വിഷയത്തിൽ താങ്കളെ രൂക്ഷമായി വിമർശിച്ചു.വലിയ വിവാദമാക്കി?

എന്റെ പാർടിയെക്കുറിച്ചു പറ‌ഞ്ഞാൽ എന്നെ അനുകൂലിച്ച് വന്നിട്ടുള്ള കോൺഗ്രസ് പ്രവർത്തകരുടെ കമന്റ് അഭൂതപൂർവ്വമായിരുന്നു.സോഷ്യൽ മീഡിയയിൽ ആക്ടീവായ ആളല്ലാതിരുന്നിട്ടുമാണിത്.

പ്രവർത്തകരെ ആവേശഭരിതരാക്കാൻ പറഞ്ഞതായിരുന്നോ?

ഒരിക്കലുമല്ല.തികച്ചും ആകസ്മികമായിരുന്നു.

ശൈലജ ടീച്ചർ നടത്തുന്ന പരിശ്രമങ്ങൾക്ക് ലോകാംഗീകാരം ലഭിക്കുന്നു.യു.എന്നിന്റെ വെബിനാറിൽ പങ്കെടുക്കുന്നു. ?

യു.എന്നിൽ ഏറ്റവും നല്ല പ്രസംഗം നടത്തിയത് വി.കെ.കൃഷ്ണമേനോനായിരുന്നു.കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കുമ്പോൾ ഡിസാസ്റ്റർ മാനേജ്മെന്റിനെക്കുറിച്ച് യു.എൻ.നടത്തിയ ഒരു സെമിനാർ ചെയർ ചെയ്തത് ഞാനായിരുന്നു.ഇതുവരെ എങ്ങും പറഞ്ഞില്ല.ഇതൊക്കെ സ്വാഭാവികമായി നടക്കുന്നതാണ്.

ഇതെല്ലാം ഒരു പബ്ളിസിറ്റിക്കു വേണ്ടി നടത്തുന്നുവെന്നാണോ?

സംശയമുണ്ടോ?ഞാൻ അതു തന്നെയാണ് പറയുന്നത്.മീഡിയാ മാനേജ്മെന്റിൽ സി.പി.എം. ഒരുപാട് മുന്നോട്ടുപോയി.മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ശ്രമം നടത്തുന്നു.ഇതൊരു ദുരന്തപൂർണ്ണമായ ഭരണമായി മാറിയിരിക്കുന്നു.ഇത്രയം ദുരന്തമായ ഒരു ഭരണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.

ഈ സർക്കാർ കൊവിഡ് പ്രതിരോധത്തിൽ നടത്തിയ പ്രവർത്തനങ്ങളെ അവഗണിക്കാൻ പറ്റുമോ?

എന്താണ്.വൈകിട്ട് ഒരു മണിക്കൂറല്ലേ പ്രൈം ടൈമിൽ മുഖ്യമന്ത്രിയുടെ ആത്മാലാപം കേൾക്കാനായി ജനങ്ങളെ ടിവിയുടെ മുന്നിൽ കൊണ്ടുവരുന്നത്.എല്ലാവരുടെ മനസിലും ഉത്ക്കണ്ഠയാണ്.എന്ത് സംഭവിക്കുമെന്ന ആശങ്കയാണ്.

മുഖ്യമന്ത്രി പറയുമ്പോൾ ജനങ്ങളിൽ ഒരു ആത്മ വിശ്വാസം കൂടി പകരുന്നില്ലേ?

മുഖ്യമന്ത്രിയുടെ സ്ഥാനത്ത് എന്തുകൊണ്ട് ശൈലജയെ കൊണ്ട് പറയിക്കുന്നില്ല.ആരോഗ്യമന്ത്രി പറ‌ഞ്ഞാൽ കുറച്ചുകൂടി ക്രെഡിബിലിറ്റി ഉണ്ടാകുമായിരുന്നു.ഫലവത്തായിട്ട് പറയാൻ സാധിക്കുമായിരുന്നു.

മുഖ്യമന്ത്രിയുടെയൊപ്പം ആരോഗ്യമന്ത്രി ഇരിക്കുന്നുണ്ട്?

നോക്കുകുത്തിയായിട്ടോ.പാവം.സത്യത്തിൽ അവരെ പത്രസമ്മേളനത്തിൽ തടവുകാരിയാക്കി വച്ചിരിക്കുകയല്ലേ.അവർക്ക് ശബ്ദിക്കാൻ അവകാശമില്ല.ബന്ധനസ്ഥയാക്കിയതുപോലെയാണ് അവരെ കാണാറുള്ളത്.അത് ബോധപൂർവ്വമായ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്.മുഖ്യമന്ത്രിയെ ആരോ തെറ്റായി ഉപദേശിച്ചു കൊടുക്കുകയാണ്.

ഈ വിവാദം താങ്കളെ നശിപ്പിക്കാനുള്ള ആയുധമായി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ?

ഞാൻ പറ‌ഞ്ഞത് തെറ്റല്ലെന്ന് പറ‌ഞ്ഞ് ഒട്ടേറെപ്പേർ രംഗത്തു വന്നിരുന്നു.കെ.പി.സി.സി ഭാരവാഹികളും ഒക്കെ.

മുതിർന്ന നേതാക്കൾ വിഷയത്തിൽ ഇടപെട്ടില്ല?

വനിതാ നേതാക്കൾ രംഗത്ത് വന്നു.കെ.കരുണാകരന്റെ മകൾ പദ്മജാ വേണുഗോപാലാണ് ആദ്യമായി രംഗത്തുവന്നത്.

താങ്കളെ കോർണർ ചെയ്യാൻ സ്വന്തം പാർടിയിൽ ശ്രമമുണ്ടോ?

എത്ര ശ്രമമുണ്ടായി.അതൊന്നും ഒരിക്കലും നടക്കില്ല.അവർക്ക് തെറ്റുപറ്റിപ്പോയി.

മുഖ്യമന്ത്രി പിണറായി വിജയൻ മറ്റ് കോൺഗ്രസ് നേതാക്കളെ വിമർശിക്കുന്നതിലും രൂക്ഷമായിട്ടാണല്ലോ താങ്കളെ വിമർശിക്കുന്നത്.കാരണമെന്താണ്?

നിങ്ങൾ രണ്ടുപേരും കണ്ണൂരുകാരാണ്.എപ്പോഴെങ്കിലും നല്ല സൗഹൃദമുണ്ടായിട്ടുണ്ടോ?

നിലപാടുകളിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വ്യക്തി ബന്ധം നന്നായി ഞങ്ങൾ നിലനിർത്തിയിരുന്നു.അദ്ദേഹം സ്നേഹബഹുമാനങ്ങൾ എനിക്ക് തരാറുണ്ട്.ഞാൻ അതുപോലെ തിരിച്ചുകൊടുക്കാറുമുണ്ട്.എന്റെ അഭാവത്തിൽ ഒരു ട്രെയിൻ യാത്രയിൽ എന്റെ ഭാര്യയേയും മകളേയും കണ്ടാൽ അദ്ദേഹം ക്ഷേമം അന്വേഷിക്കുകയും തിരുവനന്തപുരത്തു എത്തുന്നതുവരെ ഒരു ഗാർഡിയന്റെ ഉത്തരവാദിത്വം നിർവഹിക്കാറുമുണ്ട്.അദ്ദേഹത്തിന്റെ സഹധർമ്മിണി എന്റെ നാട്ടുകാരിയാണ്. എന്റെ അദ്ധ്യാപകന്റെ മകളാണ്.വ്യക്തിപരമായി നല്ല ബന്ധമുണ്ട്.ഞാൻ അദ്ദേഹത്തോട് വിയോജിച്ചത് ടി.പി.ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകത്തെത്തുടർന്നാണ്.അത് ന്യായീകരിക്കാൻ എനിക്ക് കഴിയില്ല.ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു സി.ബി.ഐ വസ്തു നിഷ്ഠമായി അന്വേഷിച്ചാൽ വൻ സ്രാവുകൾ കുടുങ്ങുമായിരുന്നു.ഇപ്പോൾ ഞങ്ങൾ സംസാരിക്കുന്ന ടേംസിലല്ല.

കേരളത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവരുമെന്ന് മുല്ലപ്പള്ളി പറ‌ഞ്ഞു.ഇപ്പോൾ തന്റെ മുന്നിലുള്ള ഏക ലക്ഷ്യം യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ടുവരികയാണ്. കേരളത്തിലെ പ്രബല സമുദായമായ ഈഴവ സമുദായത്തിന് കേരളത്തിൽ ഒരു കോൺഗ്രസ് എം.എൽ.എയുമില്ലല്ലോയെന്ന ചോദ്യത്തിന് ആ വിഷയം പരിഹരിക്കാൻ കെ.പി.സി.സി നേതൃത്വം തീവ്രമായി ശ്രമിക്കുന്നുണ്ടെന്നായിരുന്നു മറുപടി.അടുത്ത തിരഞ്ഞെടുപ്പിൽ പിന്നാക്ക-ദളിത് വിഭാഗങ്ങൾക്കും സ്ത്രീകൾക്കും അർഹമായ പ്രാധാന്യമുണ്ടാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

( കൗമുദി ടിവിയിലെ അഭിമുഖം കാണാൻ ക്യൂ ആർ കോഡ് സ്കാൻചെയ്യുക)