കൊച്ചി: നടി ഷംന കാസിമിനെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചകേസിലെ മുഖ്യപ്രതി ഹാരിസ് പിടിയിൽ. ഇയാളെ രഹസ്യ കേന്ദ്രത്തിൽ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹാരിസിന് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വിശദീകരണം. തൃശൂർ സ്വദേശിയായ ഹാരിസിന് സിനിമ താരങ്ങളുമായും മേക്കപ്പ് ആർട്ടിസ്റ്റുകളുമായും ബന്ധമുണ്ട്.
ഇയാൾ വഴിയാണ് കേസിലെ പ്രതികൾ ഷംനയുമായി ബന്ധപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. കേസിൽ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവാണെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യപ്രതിയായ ഹാരിസ് പിടിയിലായതോടെ കേസ് നിർണായക വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.
അതേസമയം, കേസിൽ അന്വേഷണം തൃപ്‍തികരമെന്ന് ഷംനയുടെ അമ്മ റൗലാബി വ്യക്തമാക്കിയിരുന്നു. കൂടുതൽ പേർ സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും എന്നാൽ പ്രതികൾക്ക് ഷംനയുടെ നമ്പർ എങ്ങനെ കിട്ടിയെന്നത് ദുരൂഹമാണെന്നും അവർ പറഞ്ഞു. സിനിമാ മേഖലയിലുള്ളവർ ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തത പ്രതീക്ഷിക്കുന്നതായുമാണ് റൗലാബി മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.