തിരുവനന്തപുരം: പോക്‌സോ കേസുകളിൽ അന്വേഷണവും വിചാരണയും പഴുതടച്ച് കുറ്റമറ്റതാക്കാൻ നടപടി ക്രമങ്ങൾ ഏകീകരിച്ച് കേരള പൊലീസ് പുതിയ സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്യർ (എസ്.ഒ.പി) തയ്യാറാക്കും. പോക്‌സോ കേസുകളിൽ ശിക്ഷാനിരക്ക് കുറയുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് നടപടി. ഇതിനായി വിവിധ ഘട്ടങ്ങളിൽ കോടതി വെറുതെവിട്ട 200 പോക്‌സോ കേസുകൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കും. പഠനത്തിനായി 200 കേസിന്റെ പട്ടിക തയ്യാറാക്കിയതായി പോക്‌സോ കേസുകളുടെ മേൽനോട്ടം വഹിക്കുന്ന ഐജി എസ്. ശ്രീജിത്ത് പറഞ്ഞു.
നിയമവിദഗ്‌ദ്ധർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ സേവനം യൂണിസെഫ് സഹായത്തോടെയുള്ള പദ്ധതിക്ക് ഉറപ്പാക്കും. ഇതിനായി ബീഹാർ മുൻ ഡി.ജി.പിയും നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് ഡയറക്ടർ ജനറലുമായ പി.എം നായരുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത്, ദക്ഷിണ മേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരി എന്നിവർ സമിതി അംഗങ്ങളാണ്. കേസുകളിൽ അടുത്ത ബന്ധുക്കൾക്ക് പുറമെ മറ്റുള്ളവരെയും സാക്ഷികളാക്കുന്നതടക്കം പരിഗണിക്കും. ആഗസ്‌റ്റോടെ എസ്.ഒ.പി നിലവിൽവരും.
എസ്.ഒ.പി
പൊലീസ് ഉദ്യോഗസ്ഥർക്കുള്ള വിശദമായ മാർഗനിർദേശമാണ് സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്യർ (എസ്.ഒ.പി). നിയമത്തിൽ പറഞ്ഞ ഒരുകാര്യം നടപ്പാക്കാൻ നിയമവിധേയമായി എന്തെല്ലാം ചെയ്യാമെന്നതാണ് ഇതിൽ വിവരിക്കുക. അന്വേഷണത്തിന്റെ തുടക്കം മുതൽ വിചാരണ ഘട്ടംവരെയുള്ള പ്രക്രിയ എസ്.ഒ.പിയിൽ ഉണ്ടാകും.
11,954 പോക്‌സോ കേസ്
സംസ്ഥാനത്ത് നിലവിൽ 11,954 പോക്‌സോ കേസാണുള്ളത്. ഇതിൽ 9457 എണ്ണം വിചാരണയിലും 2497എണ്ണം അന്വേഷണഘട്ടത്തിലുമാണ്. നേരത്തെ 17 ശതമാനമായിരുന്നു പോക്‌സോ കേസുകളുടെ ശിക്ഷാനിരക്ക്.