ന്യൂഡൽഹി: ശശി തരൂരും ബോളിവുഡ് നടനും ബി.ജെ.പി അനുഭാവിയുമായ അനുപം ഖേറും തമ്മിൽ ട്വിറ്ററിൽ വാക്പോര്. നേരത്തെ 2016ലെ അനുപം ഖേറിന്റെ ഒരു ട്വീറ്റിന്റെ പേരിൽ രണ്ട് പേരും തമ്മിൽ വാക്പോര് നടന്നിരുന്നു. ഒരു ഹിന്ദുവാണെന്ന് തുറന്നു പറയാൻ തനിക്ക് ഭയമായിരുന്നു എന്ന ട്വീറ്റായിരുന്നു അന്നത്തെ പ്രശ്‌നങ്ങൾക്ക് തുടക്കം കുറിച്ചത്. എന്തായാലും ഇരുവരും തമ്മിലുള്ള ശീതയുദ്ധം ആവേശത്തോടെയാണ് രാഷ്ട്രീയക്കാരും സിനിമപ്രേമികളും വീക്ഷിക്കുന്നത്.
അനുപം ഖേർ 2012ൽ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് തരൂർ റീ ട്വീറ്റ് ചെയ്തതാണ് വാക്പോര് കനക്കാൻ കാരണം. ഒരു രാജ്യസ്നേഹി സർക്കാരിനെതിരെ തന്റെ രാജ്യത്തെ പ്രതിരോധിക്കാൻ എപ്പോഴും തയ്യാറാകണമെന്ന് എഴുത്തുകാരൻ എഡ്വോർഡ് ആബെയുടെ വാക്കുകളായിരുന്നു അനുപം ഖേർ അന്ന് ട്വീറ്റ് ചെയ്തത്. അനുപം ഖേറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് 'നന്ദി അനുപം ഖേർ ഇക്കാര്യത്തിൽ ഞാൻ നിങ്ങളോട് യോജിക്കുകയാണ്. നമ്മുടെ രാജ്യത്തെ എല്ലായ്പ്പോഴും പിന്തുണയ്ക്കുന്നതും അർഹിക്കുന്ന ഘട്ടത്തിൽ സർക്കാരിനെ പിന്തുണയ്ക്കുന്നതുമാണ് യഥാർത്ഥ ദേശ സ്നേഹം' എന്ന മാർക് ട്വെയിനിന്റെ വാചകമാണ് തരൂർ കുറിച്ചത്.
തരൂരിന്റെ റിട്വീറ്റ് കണ്ട അനുപംഖേറിന് അത് സഹിക്കാനായില്ല. തന്റെ ദേഷ്യം മുഴുവൻ പുറത്തുചാടിച്ചായിരുന്നു അനുപം ഖേർ തരൂരിന്റെ റീട്വീറ്റിന് കമന്റിട്ടത്. '2012ലെ എന്റെ ഒരു ട്വീറ്റ് തിരഞ്ഞ് കണ്ടുപിടിച്ച് നിങ്ങൾ കമന്റ് ചെയ്തു. നിങ്ങൾക്ക് യാതൊരു പണിയുമില്ല. നിങ്ങൾ ഒരു ദുർബല മനസിന് ഉടമയാണ് എന്നതിന്റെ തെളിവാണിത്.നിങ്ങൾ വളരെയധികം തരംതാണിരിക്കുന്നു എന്ന് ഇത് തെളിയിച്ചിരിക്കുകയാണ്. അഴിമതിക്കാരുടെ കാര്യത്തിൽ എന്റെ ട്വീറ്റ് ഇപ്പോഴും പ്രാധാന്യം അർഹിക്കുന്നുണ്ട്. ഇത് നിങ്ങൾക്കും അറിയാം' എന്നായിരുന്നു തരൂരിന് അനുപംഖേർ നൽകിയ മറുപടി.
അനുപംഖേറിന്റെ മറുപടി കണ്ട തരൂരാകട്ടെ ഉടൻ തന്നെ അദ്ദേഹത്തിന് മറുപടിയും നൽകി. 'ഞാൻ തരംതാണു എന്ന് നിങ്ങൾ പറയുന്നു. അങ്ങനെയെങ്കിൽ 1962, 1975,1984 വർഷങ്ങളിലെ കാര്യങ്ങൾ മാത്രം സംസാരിക്കുന്ന ഒരു സർക്കാരിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം. ഇതും ഒരു പണിയില്ലാത്തതിന്റെയും ദുർബല മനസാണ് എന്നതിന്റെയും തെളിവാണ്. അതിർത്തിയിൽ ഒന്നും ചെയ്യാൻ കഴിവില്ലാത്ത ആളുകളെ ഉദ്ദേശിച്ചായിരുന്നു എന്റെ ട്വീറ്റ്' എന്നായിരുന്നു തരൂരിന്റെ അടുത്ത മറുപടി.