venda-poject
venda

കൊച്ചി: മദ്യവും സിഗരറ്റും കഴിഞ്ഞാൽ കഞ്ചാവ്,​ ഇതായിരുന്നു കുറച്ച് നാളുകൾക്ക് മുമ്പ് വരെ മലയാളികളുടെ ലഹരി സങ്കൽപം. ഇന്നതിൽ നിന്ന് വിട്ട് മണിക്കൂറുകൾ ഉന്മാദം ലഭിക്കുന്ന ന്യൂജെൻ ലഹരിയിലേക്കെത്തി രീതികൾ.

ഈ രീതിക്ക് അടിമുടി മാറ്റം കൊണ്ടുവരാൻ "സേഫ്" പദ്ധതിയുമായി "പ്രൊജക്ട് വേണ്ട". ലഹരി ഉപയോഗത്തിന് ഇനിയും യുവജനങ്ങൾ അടിമപ്പെടരുത് എന്ന ലക്ഷ്യവുമായാണ് എസ്.എ.എഫ്.ഇ 2020 ( സേഫ് 2020 - S.A.F.E - Substance Abuse Free Environment)​ ഫോറത്തിന് രൂപം നൽകിയിരിക്കുന്നത്.

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 29 മുതൽ ജൂലായ് ഒന്നു വരെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്നതാണ് "സേഫ്" ഫോറം. കൊവിഡ് ഭീതിയിൽ ഓൺലെെൻ വഴിയാണ് ഫോറം നടത്തുന്നത്. ലഹരി ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിൽ യുവജനങ്ങളുടെ പങ്ക് എന്നതാണ് പ്രതിപാദ്യവിഷയം. ലഹരി ദുരുപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ, വെല്ലുവിളികൾ, പരിഹാരങ്ങൾ എന്നിവയാണ് പ്രധാനമായും ചർച്ച ചെയുന്നത്. കേരളത്തിലുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ പങ്കാളിത്തവും എട്ട് രാജ്യങ്ങളിൽ നിന്നുമുള്ള കാണികളും ഫോറത്തിന്റെ പ്രത്യേകതയാണ്. വിദ്യാഭ്യാസം, ആരോഗ്യം, മാദ്ധ്യമം, കായികം, സംഗീതം, സിനിമ എന്നീ മേഖലകളിലെ പ്രമുഖരാണ് ഓറിയന്റേഷൻ നൽകുന്നത്.

പ്രൊജക്ട് വേണ്ട

സാമൂഹിക പ്രതിബദ്ധതയിലൂന്നി പ്രവർത്തിക്കുന്ന ഫോർത്ത് വേവ് ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന പദ്ധതിയാണ് പ്രൊജക്ട് വേണ്ട.

മയക്കുമരുന്നിന്റെയും മ​റ്റ് ലഹരിവസ്തുക്കളുടെയും പ്രശ്‌നങ്ങളെക്കുറിച്ച് കൗമാരക്കാരെ ബോധവത്കരിക്കുകയും, ലഹരിയോട് വേണ്ട എന്ന് പറയാൻ പ്രാപ്തരാക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്കായുള്ള വിവിധ ആക്റ്റിവിറ്റികൾ, 11 മുതൽ 22 വയസ് വരെയുള്ള കുട്ടികൾക്ക് ക്ളാസുകൾ, കൗൺസിലിംഗ്, സെെക്കോ തെറാപ്പി തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിവരുന്നു.

'യുവജനങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരി ദുരുപയോഗം ഏറെ ആശങ്കജനകമായ ഒന്നാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സേഫ് (എസ്.എ.എഫ്.ഇ)​ പോലുള്ള ഫോറം അനിവാര്യമാണ്.'

സി.സി ജോസഫ്

ഡയറക്ടർ

ഫോർത്ത് വേവ് ഫൗണ്ടേഷൻ