കൊച്ചി: കൊച്ചി ബ്ലാക്ക്മെയിൽ കേസിൽ അന്വേഷണം സിനിമ താരങ്ങളിലേക്ക് നീങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് നടൻ ധർമ്മജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ധർമ്മജനോട് നേരിട്ട് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകി. പ്രതികൾ സ്വർണ്ണക്കടത്തിന് സിനിമാ താരങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്നതിന്റെ സൂചന ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ധർമ്മജനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ധർമ്മജൻ ഇന്ന് തന്നെ ഹാജരാകുമെന്നാണ് വിവരം.
ബ്ലാക്ക്മെയിൽ സംഘത്തിലെ പ്രതികൾ കൂടുതൽ സിനിമാ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം താരങ്ങളിലേക്കും നീളുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിന്റെ ഭാഗമായി ധർമ്മജനെ കൂടാതെ നാല് താരങ്ങളിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. ഷംനയോടൊപ്പം വിദേശരാജ്യങ്ങളിൽ സ്റ്റേജ് ഷോയിൽ പങ്കെടുത്ത സിനിമാ താരങ്ങളിൽ നിന്നാണ് അന്വേഷണ സംഘം വിവരങ്ങൾ തേടിയത്.
അതേസമയം കേസിലെ മുഖ്യപ്രതിയും ഹെയർസ്റ്റൈലിസ്റ്റുമായ ഹാരിസ് പിടിയിലായി. തൃശ്ശൂർ സ്വദേശിയാണ്. ഇയാൾക്ക് മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ബന്ധമുണ്ട്. ഷംന കാസിമിന്റെ കേസിൽ അടക്കം നിർണായക വിവരങ്ങൾ ഇയാളിൽ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്. ഹാരിസിനെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.