pic

ചെന്നൈ: ചിക്കൻ ബിരിയാണി ലഭിക്കാത്തതിനെ തുടർന്ന് യുവതി പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു. തമിഴ്‌നാട്ടിലെ മഹാബലിപുരത്തുള്ള ഗ്രാമത്തിൽ താമസിക്കുന്ന സൗമ്യയാണ് (28) ജീവനൊടുക്കിയത്. ആശുപ‌ത്രിയിൽ ചികിത്സയിലിരിക്കെയാണ് സൗമ്യ മരണത്തിന് കീഴടങ്ങിയത്.

ഗ്രാമത്തിൽ പുതുതായി തുടങ്ങിയ ഹോട്ടലിൽ ഒരു ബിരിയാണി വാങ്ങിയാൽ മറ്റൊന്ന് സൗജന്യമാണെന്ന് അറിഞ്ഞാണ് ബിരിയാണി വേണമെന്ന് സൗമ്യ ഭർത്താവായ മനോഹരനോട് ആവശ്യപ്പെട്ടത്. ചിക്കൻ ബിരിയാണി വാങ്ങി നൽകണമെന്നാണ് സൗമ്യ പറഞ്ഞതെങ്കിലും മനോഹരൻ ഹോട്ടലിലെത്തിയപ്പോൾ ചിക്കൻ ബിരിയാണി തീർന്നിരുന്നു. തുടർന്ന് ബിരിയാണിക്ക് സമാനമായ കുഷ്‌ക്കയാണ് മനോഹരൻ വാങ്ങിയത്. എന്നാൽ ബിരിയാണിക്ക് പകരം വാങ്ങിയ കുഷ്‌ക കഴിക്കാൻ സൗമ്യ തയ്യാറായില്ല.

ബിരിയാണി കിട്ടാത്തതിനാൽ ഭാര്യ വഴക്കടിച്ചതോടെ കുഷ്‌ക അയൽവാസിക്ക് കൊടുത്ത ശേഷം മനോഹരൻ പുറത്തേക്ക് പോയി. ഇതിനുശേഷമാണ് വീടിന്റെ ടെറസിൽ കയറിയ സൗമ്യ സ്വയം തീകൊളുത്തിയത്. ഇതുകണ്ട് അയൽക്കാർ ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി. തുടർന്ന് ചെങ്കൽപ്പെട്ട് സർക്കാർ ആശുപ‌ത്രിയിൽ സൗമ്യയെ എത്തിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജി‌സ്‌ടർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൗമ്യ മനോഹരൻ ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്.