പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ഓടുചുട്ടപടുക്കയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) ഉടമസ്ഥതയിലുള്ള ശുദ്ധജല കണ്ടൽക്കാടുകൾ നിറഞ്ഞ ഏഴ് ഹെക്ടർ സ്ഥലത്ത് കൃഷി വകുപ്പുമായി ചേർന്ന് കൃഷി ആരംഭിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ഈ സ്ഥലത്ത് ഐ.എം.എയുടെ ബയോ മെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകരും ആദിവാസികളും ചേർന്ന് നടത്തിയ പ്രതിഷേധ സമരത്തെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു. എന്നാൽ ഈ പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് കൃഷിയുമായി ഐ.എം.എ ഇപ്പോൾ എത്തിയതെന്നാണ് നാട്ടുകാരുടെ പരാതി. സുഭിക്ഷ കേരളം പദ്ധതിക്കായി കൃഷി വകുപ്പിന്റെ ആവശ്യപ്രകാരമാണ് ഈ സ്ഥലം വിട്ടു നൽകുന്നതെന്നാണ് ഐ.എം.എ ഭാരവാഹികൾ പറയുന്നത്. അഞ്ചു ഹെക്ടറോളം വയലും ബാക്കി ചതുപ്പും നിറഞ്ഞ, പകൽ പോലും വന്യമൃഗശല്യം രൂക്ഷമായ ഈ പ്രദേശത്ത് കൃഷിനടത്തുന്നതെങ്ങനെയെന്ന ചോദ്യമുയരുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് ഇവിടം. എന്നാൽ പ്ലാന്റിന് മുന്നോടിയായുള്ള കൃഷി സ്നേഹം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ആദിവാസികളും പരിസ്ഥിതി പ്രവർത്തകരും അറിയിച്ചു. പെരിങ്ങമ്മല പഞ്ചായത്തിൽ ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും ആരും അറിയിച്ചിട്ടില്ലെന്ന് പഞ്ചായത്തധികാരികൾ പറഞ്ഞു. ഈ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന നിർദ്ദേശമാണ് സമരക്കാർക്കുള്ളത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പെരിങ്ങമ്മല വീണ്ടും ഒരു സമരഭൂമിയാകുമെന്ന നിലയിലാണ് കാര്യങ്ങൾ..