dysp

കാട്ടാക്കട: തിരുവനന്തപുരം ജില്ലയിലെ മറ്റ് താലൂക്ക് ആസ്ഥാനങ്ങളിലെല്ലാം ഡിവൈ.എസ്.പി ഒാഫീസ് ഉണ്ടായിട്ടും കാട്ടാക്കടയിൽ ഡിവൈ.എസ്.പി ഓഫീസും ട്രാഫിക് പൊലീസ് സ്റ്റേഷനും ആരംഭിക്കാത്തതിനെതിരെ പരാതിയുയരുന്നു. നിലവിൽ കാട്ടാക്കട താലൂക്കിലെ നെയ്യാർഡാം, വിളപ്പിൽശാല, മാറനല്ലൂർ, കാട്ടാക്കട, ആര്യങ്കോട് പൊലീസ് സ്റ്റേഷനുകൾ നെയ്യാറ്റിൻകര - നെടുമങ്ങാട് ഡിവൈ.എസ്.പി ഒാഫീസുകളുടെ പരിധിയിലാണ് വരുന്നത്. കാട്ടാക്കട കേന്ദ്രീകരിച്ച് ഡിവൈ.എസ്.പി ഒാഫീസ് ആരംഭിച്ചാൽ ഈ സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയും. നിരവധി വിദ്യാഭ്യാസ - സർക്കാർ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന കാട്ടാക്കടയിൽ രാഷ്ട്രീയ സാഹചര്യങ്ങൾ കൊണ്ടും ഡിവൈ.എസ്.പി ഒാഫീസ് അത്യാവശ്യമാണ്. കാട്ടാക്കട സ്റ്റേഷനോട് ചേർന്ന് ഓഫീസ് തുടങ്ങാൻ സൗകര്യമുണ്ടെങ്കിലും കെട്ടിടമില്ലെന്ന കാരണത്താൽ നടപടി വൈകുകയായിരുന്നു. എന്നാലിപ്പോൾ സി.ഐ ഓഫീസ് പൊലീസ് സ്റ്റേഷനോട് ചേർന്ന് സജ്ജമാക്കിയതോടെ പഴയ സി.ഐ ഓഫീസ് പുതിയ ഡിവൈ.എസ്.പി ഓഫീസാക്കാനുള്ള പ്രഖ്യാപനവും കാത്ത് കിടക്കുകയാണ്. കൂടാതെ കാട്ടാക്കട സ്റ്റേഷനിൽ ആവശ്യത്തിന് പൊലീസുകാരില്ലാത്തത് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് ഉദ്യോഗസ്ഥരുടെ കുറവുകാരണം രണ്ട് മാസക്കാലം വീടുകളിൽപ്പോലും പോകാതെ ഉദ്യോഗസ്ഥർക്ക് പണിയെടുക്കേണ്ടിവന്നു. കാട്ടാക്കട പോലുള്ള പ്രധാന സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി സർക്കിൾ ഇൻസ്പെക്ടർമാർക്ക് ചുമതല നൽകിയതിനാലാണ് ഡിവൈ.എസ്.പി ഓഫീസിന്റെ പ്രവർത്തനം തുടങ്ങാൻ വൈകുന്നത്. പുതിയ ഓഫീസുകൾ തുടങ്ങാനുള്ള പട്ടികയിൽ കാട്ടാക്കടയും പരിഗണനയിലാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അവതാളത്തിലായി ട്രാഫിക് ‌നിയന്ത്രണം

കാട്ടാക്കടയിൽ രാവിലെയും വൈകിട്ടും തിരക്കുകാരണം ട്രാഫിക് നിയന്ത്രണം അവതാളത്തിലാകുകയാണ്. ടൗണിലെ ഗതാഗത സംവിധാനം നിയന്ത്രിക്കാനും ആളില്ലാത്ത അവസ്ഥയാണ്. പ്രധാന പോയിന്റുകളിൽ ട്രിഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ അതൊന്നും പാലിക്കാറില്ല. തിരക്കേറിയ കാട്ടാക്കട ടൗണിൽ രണ്ടോ മൂന്നോ ഹോം ഗാർഡുകളെ മാത്രമാണ് നിയോഗിക്കുന്നത്. ഗതാഗതം സുഗമമാക്കാൻ ട്രാഫിക് പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

ക്രൈം എസ്.ഐ പോസ്റ്റും ഒഴിഞ്ഞുകിടക്കുന്നു

സ്റ്റേഷനിൽ വേണ്ടത്ര വാഹനസൗകര്യമില്ല

കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ എയ്ഡ്പോസ്റ്റിൽ പൊലീസുകാരില്ല

അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി

കാട്ടാക്കട സ്റ്റേഷനിൽ ആവശ്യമുള്ളത് - 43 പൊലീസുകാർ

ഇപ്പോഴുള്ളത് - 36